‘അണികളെ വഴക്കു പറയാനുള്ള അധികാരവും അവകാശവും എനിക്കുണ്ട്; അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണം’–കഴിഞ്ഞദിവസം അണികളോടു ക്ഷുഭിതനായതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്കു മറുപടിയായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു. വെള്ളിക്കുളങ്ങര ശാസ്താംപൂവത്ത് ശനിയാഴ്ച തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോഴാണു വേണ്ടത്ര ആളില്ലാത്തതിനു സുരേഷ് ഗോപി പ്രവർത്തകരോടു ക്ഷോഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ് ഓരോ പ്രദേശത്തെയും വിഷയങ്ങൾ തന്റെ അടുക്കൽ എത്തിക്കേണ്ടതു പ്രവർത്തകരാണെന്നും അവർ കൊണ്ടുവരുന്ന വിഷയങ്ങളിലാണു താൻ നടപടിയെടുക്കുകയെന്നും അതിന്റെ സാംപിൾ ആണ് അവിടെ കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘നാളെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ് ഞാൻ പോയി ഇതുപോലെ കിടക്കാൻ പറ്റില്ല. അപ്പോഴും ഈ പ്രവർത്തകർ തന്നെ വേണം, ഇത്തരത്തിലുള്ള വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ. പ്രവർത്തിച്ചില്ലെങ്കിൽ അന്നും ഇങ്ങനെ വഴക്കു പറയും.– സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്തേക്കു പോകുമെന്നു വെറുതേ പറഞ്ഞതല്ല. അതൊക്കെ അവരെ പേടിപ്പിക്കുന്നതിന്റെ ഒരു മാർഗം തന്നെയാണ്. വിഡിയോ പ്രചരിപ്പിച്ചതാരാണെന്ന് അറിയാമെന്നും എത്ര പേർ ഉണ്ടായിരുന്നെന്നു കാണിക്കുന്ന യഥാർഥ വിഡിയോ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.