ഒൻപത് ദിവസത്തെ തിരച്ചിലിനൊടുവിൽ തമിഴ് ചലച്ചിത്ര സംവിധായകൻ വെട്രി ദുരൈസാമിയുടെ (Vetri Duraisamy) മൃതദേഹം ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ സത്‌ലജ് നദിയിൽ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കണ്ടെത്തി. 45 വയസായിരുന്നു. മുൻ ചെന്നൈ മേയർ സെയ്ദായി ദുരൈസാമിയുടെ മകനാണ്. രമ്യ നമ്പീശൻ നായികയായ ‘എൻഡ്രാവത് ഒരു നാൾ’ എന്ന തമിഴ് സിനിമയുടെ രചയിതാവും സംവിധായകനുമായിരുന്നു.
ഫെബ്രുവരി 4 ന് സ്പിതിയിൽ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്ന കാർ കിന്നൗറിലെ കഷാങ് നുല്ലയ്ക്ക് സമീപം ഉച്ചയ്ക്ക് 1.30 ഓടെ അപകടത്തിൽ പെട്ടതിനെ തുടർന്ന് ഇയാളെ കാണാതായിരുന്നു. തമിഴ്‌നാട് സ്വദേശികളായ വെട്രി ദുരൈസാമി (45), ഗോബിനാഥ് (32) എന്നിവർ ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ സ്പിതി താഴ്‌വര സന്ദർശിക്കാൻ വന്നിരുന്നു. ഇരുവരും ഫെബ്രുവരി 4ന് ഇന്നോവ കാറിൽ സ്പിതിയിൽ നിന്ന് ഷിംലയിലേക്ക് മടങ്ങുകയായിരുന്നു. സ്പിതി സബ് ഡിവിഷനിലെ ടാബോയിലെ താമസക്കാരനായ ടെൻസിനാണ് ഓടിച്ചത്.
ഉച്ചയ്ക്ക് 1.30 ഓടെ കഷാങ് നുല്ലയിൽ എത്തിയ കാർ ദേശീയപാത-5ൽ നിയന്ത്രണം വിട്ട് സത്‌ലജ് നദിയിലേക്ക് വീണു. അപകടത്തിൽ ഗോപിനാഥിന് ഗുരുതരമായി പരിക്കേറ്റു. വെട്രിയെ അന്നുമുതൽ കാണാതായിരുന്നു. ഡ്രൈവർ ടെൻസിൻ മരിച്ചു. തിരച്ചിൽ സംഘം ഏതാനും മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെടുക്കുകയുമുണ്ടായി.
പരിക്കേറ്റ ഗോബിനാഥിനെ ചികിത്സയ്ക്കായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് (ഐജിഎംസിഎച്ച്) മാറ്റി. ഇതുമായി ബന്ധപ്പെട്ട്, ഫെബ്രുവരി നാലിന് തന്നെ കിന്നൗറിലെ പോലീസ് സ്റ്റേഷൻ റെക്കോംഗ് പിയോയിൽ ഐപിസി 279, 337, 304 എ വകുപ്പുകൾ പ്രകാരം FIR രജിസ്റ്റർ ചെയ്തു.