കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമർശനവുമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് നൽകിയ പ്രതിഫലം വെറും 2400 രൂപയാണെന്ന് ചുള്ളിക്കാട് വ്യക്തമാക്കി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് കൂടിയായ സിഐസിസി ജയചന്ദ്രനാണ് അദ്ദേഹത്തെ ഉദ്ധരിച്ച് ഈ വിഷയം എഴുതിയത്, ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ജയചന്ദ്രൻ ഇത് പങ്കുവച്ചത്.
തനിക്ക് കേരള ജനത നൽകിയ വിലയെന്തെന്ന് മനസിലാക്കിയത് ഈ കഴിഞ്ഞ ജനുവരി 30നായിരുന്നു എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നത്. ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി ക്ഷണിചിരുന്നുവെന്നും, താൻ കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്‌തുവെന്നും കവി പറഞ്ഞു.
50 വർഷം ആശാൻ കവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസിലാക്കിയ കാര്യങ്ങളാണ് അവിടെ പറഞ്ഞതെന്നും അതിന്റെ പ്രതിഫലമായി എനിക്ക് നൽകിയത് വെറും 2400 രൂപയാണെന്നും ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഉദ്ധരിച്ച് സിഐസിസി ജയചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
മന്ത്രിമാർക്ക് മുൻപിൽ കുനിഞ്ഞുനിന്ന് അവാർഡ് വാങ്ങാനും, വിശിഷ്ടാംഗത്വം സ്വീകരിക്കാനോ താൻ ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സാംസ്‌കാരിക ആവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസിൽ നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്; അദ്ദേഹം കൂട്ടിച്ചേർത്തു.