ഏകീകൃത സിവിൽ കോഡിൻ്റെ കരട് ഇന്ന് ഉത്തരാഖണ്ഡ് സർക്കാരിന് സമർപ്പിക്കും.

0
59

ഏകീകൃത സിവിൽ കോഡിൻ്റെ (യുസിസി) (Uniform Civil Code) അന്തിമ കരട് റിപ്പോർട്ട് ഇന്ന് ഉത്തരാഖണ്ഡ് സർക്കാരിന് സമർപ്പിക്കും. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്കാണ് (Pushkar Singh Dhami) റിപ്പോർട്ട് സമർപ്പിക്കുക. ഏകീകൃത സിവിൽ കോഡിൻ്റെ കരട് തയ്യാറാക്കുന്നതിനായി (റിട്ട.) ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോ​ഗിച്ചിരുന്നു. സമിതി ഇന്ന് രാവിലെ 11 മണിക്ക് ധാമിയുടെ ഔദ്യോഗിക വസതിയിൽ ഡ്രാഫ്റ്റ് സമർപ്പിക്കും.

യുസിസിയിൽ നിയമനിർമ്മാണം നടത്തുന്നതിനായി ഉത്തരാഖണ്ഡ് നിയമസഭയുടെ നാല് ദിവസത്തെ പ്രത്യേക സമ്മേളനം ഫെബ്രുവരി 5 മുതൽ 8 വരെ നടക്കും. യുസിസിയുടെ ഡ്രാഫ്റ്റ് ലഭിച്ചശേഷം ശനിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാർ ഇതിന് അംഗീകാരം നൽകും. ഫെബ്രുവരി ആറിന് കരട് ബില്ലിൻ്റെ രൂപത്തിൽ സഭയിൽ അവതരിപ്പിക്കാനാണ് സാധ്യത. യുസിസിയുടെ കരട് ഇന്ന് സർക്കാരിന് സമർപ്പിക്കുന്നതിനാൽ ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ഇതൊരു സുപ്രധാന ദിനമാണെന്ന് ധാമി ട്വീറ്റിൽ പറഞ്ഞു.

“ഇന്ന് സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും സുപ്രധാനമായ ദിവസമാണ്… ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിച്ചുകൊണ്ട് കൂടുതൽ ശക്തിയോടെ ഞങ്ങൾ മുന്നോട്ട് പോകുകയാണ്, അദ്ദേഹം പറഞ്ഞു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ബിജെപി ഉറപ്പ് നൽകിയിരുന്നു. പിന്നാലെ അധികാരത്തിൽ വന്നതിന് ശേഷം ഇതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. വിവാഹം, ദത്തെടുക്കൽ, അനന്തരാവകാശം, സ്വത്തവകാശം തുടങ്ങിയവയ്‌ക്ക് എല്ലാ പൗരന്മാർക്കുമായി പൊതുവായ ഒരു നിയമം എന്നതാണ് യുസിസി കൊണ്ട് അർത്ഥമാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here