‘കാല്‍ മുറിക്കേണ്ടി വരുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു’; കാര്‍ അപകടം ഓര്‍ത്തെടുത്ത് റിഷഭ് പന്ത്.

0
56

ബെംഗളൂരു: ജീവിതത്തെ രണ്ടായി പകുത്ത കാര്‍ അപകടത്തിനെ കുറിച്ച് കണ്ണീര്‍ വാക്കുകളുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത്. ഈ ലോകത്ത് തന്‍റെ ജീവിതം അവസാനിച്ചുവെന്ന് കരുതിയെന്നും വലത് കാല്‍ മുറിച്ചുമാറ്റേണ്ടിവരും എന്ന് ഒരുവേള ആശങ്കപ്പെട്ടിരുന്നതായും റിഷഭ് പന്ത് വെളിപ്പെടുത്തി. 13 മാസം മുമ്പ് കാലിന് ഗുരുതരമായി പരിക്കേറ്റ് അത്ഭുതകരമായി രക്ഷപ്പെട്ട കാര്‍ അപകടത്തെ കുറിച്ച് ഇത്രയും വിശദമായി റിഷഭ് സംസാരിക്കുന്നത് ഇതാദ്യമാണ്.

2022 ഡിസംബറില്‍ ദില്ലിയില്‍ നിന്ന് കുടുംബത്തെ കാണാന്‍ ജന്മദേശമായ റൂര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ റിഷഭ് പന്തിന്‍റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ കത്തിയമര്‍ന്ന കാറില്‍ നിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്. ഇനി ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ താരത്തിനാവില്ല എന്ന് പലരും കരുതിയ അന്നത്തെ അപകടത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. ‘ഞരമ്പുകള്‍ക്ക് എന്തെങ്കിലും പ്രശ്നം സംഭവിച്ചിരുന്നുവെങ്കില്‍ വലതുകാല്‍ ചിലപ്പോള്‍ മുറിച്ചുമാറ്റേണ്ടിവരുമായിരുന്നു. ഇത് ഞാനേറെ ഭയപ്പെട്ടു. മുറിവുകളെ കുറിച്ച് അപകടസമയത്ത് ബോധ്യമുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ ഗുരുതരമാകാതിരുന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്നു’ എന്നും റിഷഭ് ഒരു ടിവി പരിപാടിയില്‍ പറഞ്ഞു.

2022 ഡിസംബറില്‍ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലാണ് റിഷഭ് പന്ത് അവസാനമായി കളിച്ചത്. പര്യടനം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തില്‍ റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. ഇതിന് ശേഷം ബിസിസിഐ നിര്‍ദേശത്തെ തുടര്‍ന്ന് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്ക് റിഷഭിനെ മാറ്റുകയും ശസ്‌ത്രക്രിയ നടത്തുകയുമായിരുന്നു.

ശസ്ത്രക്രിയക്കും വീട്ടിലെ നീണ്ട വിശ്രമത്തിനും ശേഷം ബെംഗളൂവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് റിഷഭ് പന്ത് തുടര്‍ ചികില്‍സയും പരിശീലനവും നടത്തുന്നത്. ഐപിഎല്‍ 2024 സീസണില്‍ റിഷഭിന് കളിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സും ആരാധകരും. സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് താരത്തിന്‍റെ മടങ്ങിവരവിന് വലിയ പ്രയാസമുണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here