ഉത്തരാഖണ്ഡിലെ സിൽക്ക്‌യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. നവംബർ 12നാണ് തുരങ്കം ഇടിഞ്ഞ് തൊഴിലാളികൾ പുറത്തുവരാനാകാതെ കുടുങ്ങിയത്. 57 മീറ്റർ നീളമുള്ള വലിയ പൈപ്പ് സ്ഥാപിച്ച് അതിലൂടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. പൂച്ചെണ്ടുകളും പൂമാലകളും നൽകിയാണ് ഓരോ തൊഴിലാളിയെയും സ്വീകരിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം പുറത്തിറങ്ങിയ തൊഴിലാളികളെ അഭിവാദ്യം ചെയ്തു.ചക്രങ്ങൾ ഘടിപ്പിച്ച സ്ട്രെച്ചറുകളിൽ കിടത്തി ഓരോരുത്തരെയും വലിച്ച് പുറത്തെത്തിക്കുകയായിരുന്നു.തൊഴിലാളികളെ രക്ഷിക്കാനായതിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആശ്വാസം പ്രകടിപ്പിച്ചു.
മനുഷ്യരുടെ അതിജീവനശേഷിയുടെ പരീക്ഷണമായിരുന്നു ഉത്തരാഖണ്ഡിലെ സിൽക്ക്‌യാര തുരങ്കത്തിൽ നടന്നതെന്ന് അവർ എക്സിൽ കുറിച്ചു.വലിയ പ്രതിബന്ധങ്ങളെ നേരിട്ട് തൊഴിലാളികളുടെ അരികിലേക്ക് രക്ഷാപ്രവർത്തകർ എത്തുകയായിരുന്നു. തുരങ്കത്തിനകത്ത് വേണ്ടത്ര വെളിച്ചം ഉണ്ടായിരുന്നു. ഇലക്ട്രിസിറ്റി വിതരണം തടസ്സപ്പെട്ടിരുന്നില്ല. അകത്തേക്ക് കയറ്റിയ നാലിഞ്ച് വ്യാസമുള്ള പൈപ്പിലൂടെ ഭക്ഷണവും ഓക്സിജനുമെല്ലാം എത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.800 എംഎം പൈപ്പ് കയറ്റി അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരുന്നത്. ഇതിനായി ദിവസങ്ങളായി ഡ്രില്ലിങ് നടക്കുകയായിരുന്നു. കഴിഞ്ഞദിവസം പാറകളിലും ലോഹഭാഗങ്ങളിലും തട്ടി ഡ്രില്ലിങ് നിർത്തേണ്ടി വന്നിരുന്നു.
പിന്നീട് റാറ്റ് ഹോൾ ഖനന തൊഴിലാളികളെ എത്തിച്ചാണ് തുരക്കൽ പുനരാരംഭിച്ചത്. തിരക്കലിന്റെ അവസാനഘട്ടം ഇവരാണ് പൂർത്തിയാക്കിയത്.കൊടുംതണുപ്പിലാണ് രക്ഷാപ്രവർത്തനങ്ങളെല്ലാം നടന്നിരുന്നത്. ഇന്നലെ രാത്രിമുതൽ തുടങ്ങിയ അവസാനഘട്ട തുരക്കൽ പ്രവർത്തനം ഇന്ന് വൈകീട്ടോടെ അന്തിമഘട്ടത്തിലെത്തുകയായിരുന്നു. 12 മീറ്ററാണ് റാറ്റ് ഹോൾ മൈനിങ് തൊഴിലാളികൾ തുരന്നത്.