ബാങ്കോക്ക്: വിവാഹചടങ്ങിനിടെ വധു അടക്കം നാലുപേരെ വെടിവച്ചുകൊന്നതിന് പിന്നാലെ വരനും ജീവനൊടുക്കി. വടക്കുകിഴക്കന്‍ തായ്‌ലാന്‍ഡില്‍ ശനിയാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പാരാ അത്‌ലറ്റായ ചതുരോങ് സുക്സക്(29) ആണ് തന്റെ വിവാഹത്തിനിടെ വധു കാന്‍ജന(44)യെയും ഇവരുടെ ബന്ധുക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനിടെ വേദിയില്‍നിന്നിറങ്ങിപ്പോയ വരന്‍ പിന്നീട് തോക്കുമായി തിരിച്ചെത്തി വധുവിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.വധുവിന്റെ 62 വയസുള്ള അമ്മയെയും 38കാരിയായ സഹോദരിയെയും ഇയാള്‍ കൊലപ്പെടുത്തി.
വിവാഹചടങ്ങിനെത്തിയ രണ്ട് അതിഥികള്‍ക്കും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു. വിവാഹചടങ്ങിനിടെ വരനും വധുവും തമ്മില്‍ വാക്കേറ്റമുണ്ടായതായി അതിഥികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വധുവുമായുള്ള പ്രായവ്യത്യാസം ഇയാളെ അസ്വസ്ഥനാക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസമയം പ്രതി ലഹരിയിലായിരുന്നുവെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും ഒരുവര്‍ഷം മുന്‍പാണ് പ്രതി തോക്ക് വാങ്ങിയതെന്നും പൊലീസ് പറഞ്ഞു.
വിവാഹത്തിന് മുന്‍പ് ചതുരോങും യുവതിയും മൂന്നുവര്‍ഷത്തോളം ഒരുമിച്ചായിരുന്ന താമസം. മുന്‍സൈനികനായ ചതുരോങ് പാരാ അത്‌ലറ്റ് കൂടിയാണ്. കഴിഞ്ഞവര്‍ഷം ഇന്തോനേഷ്യയില്‍ നടന്ന ആസിയാന്‍ പാരാഗെയിംസില്‍ നീന്തലില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. അടുത്തമാസം തായ്‌ലാന്‍ഡില്‍ നടക്കാനിരിക്കുന്ന ‘വേള്‍ഡ് എബിലിറ്റി സ്‌പോര്‍ട്ട് ഗെയിംസി’ല്‍ പങ്കെടുക്കേണ്ട താരങ്ങളുടെ പട്ടികയിലും ഇയാള്‍ ഇടംനേടിയിരുന്നു. തായ്‌ലാന്‍ഡ് അതിര്‍ത്തിയിലെ ഡ്യൂട്ടിക്കിടെയാണ് സൈനികനായിരുന്നു ചതുരോങ്ങിന് വലതുകാല്‍ നഷ്ടപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.