ബാലുശ്ശേരി: അസി. എക്സൈസ് കമീഷണറെ ലഹരിസംഘം ആക്രമിച്ചു. കോഴിക്കോട് അസി. എക്സൈസ് കമീഷണര്‍ ടി.എം. ശ്രീനിവാസനെയാണ് (52) കരിയാത്തൻ കാവില്‍വെച്ച് എട്ടംഗ ലഹരിസംഘം ആക്രമിച്ചത്.
മുഖത്തും നെഞ്ചത്തും പരിക്കേറ്റ ശ്രീനിവാസനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കരിയാത്തൻകാവ് ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ഏകാദശി ചടങ്ങിനോടനുബന്ധിച്ച് നടന്ന കലാപരിപാടിയില്‍ തിരുവാതിര നൃത്തമവതരിപ്പിക്കാനായി മകളെയുംകൊണ്ട് എത്തിയതായിരുന്നു ശ്രീനിവാസൻ. ക്ഷേത്രസമീപത്തായി കാറില്‍ ഇരിക്കവേ ഒരു സംഘം യുവാക്കള്‍ കാറിനടുത്തെത്തി ശ്രീനിവാസനെ പിടിച്ചിറക്കി ഒരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ലഹരിസംഘം പിന്നാലെ വന്ന് ഭീഷണി മുഴക്കുകയുമുണ്ടായി. പിന്നീട് ശ്രീനിവാസന്റെ വീടിന്റെ മുന്നിലെത്തിയും ലഹരിസംഘത്തിലെ യുവാക്കള്‍ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എക്സൈസ് വിമുക്തി വിഭാഗം ചുമതലയുള്ള ശ്രീനിവാസൻ ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്ത് സജീവമാണ്.