ലോകകപ്പ് ഫൈനലിലെ തോല്‍വി; വിരാട് കോലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അനുഷ്ക ശര്‍മ്മ.

0
64

ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെ നിരാശനായ ഇന്ത്യന്‍ താരം വിരാട് കോലിയുടെയും ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തോല്‍വിയ്ക്ക് പിന്നാലെ ദുഖിതനായ കോലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അനുഷ്കയെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക.

ലോകകപ്പ് മത്സരങ്ങളില്‍ ഉടനീളം വിരാട് കോലിയെ പിന്തുണയ്ക്കാന്‍ അനുഷ്ക ഗ്യാലറിയിലുണ്ടായിരുന്നു. അമ്പതാം ഏകദിന സെഞ്ച്വറി നേടിയപ്പോഴും നെതര്‍ലാന്‍ഡിനെതിരെ കോലി വിക്കറ്റ് നേടിയപ്പോഴുമുള്ള അനുഷ്കയുടെ പ്രതികരണം ഇന്‍റര്‍നെറ്റില്‍ തരംഗമായിരുന്നു.

നേട്ടങ്ങളില്‍ മാത്രമല്ല തോല്‍വിയിലും പ്രിയതമനെ ചേര്‍ത്തുപിടിക്കുന്ന അനുഷ്കയെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നില്ല.  “എല്ലാവർക്കും അനുഷ്‌ക ശർമ്മയെപ്പോലെ ഒരു ജീവിത പങ്കാളിയെ ആവശ്യമുണ്ട്, അവർ സന്തോഷത്തിലും സങ്കടത്തിലും നിങ്ങളോടൊപ്പമുണ്ടാകും” എന്നാണ് ഒരു ഉപയോക്താവ് എക്സില്‍ കുറിച്ചത്.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കിയാണ് ഇന്ത്യ ഉയര്‍ത്തിയ 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകിയെങ്കിലും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു. ഫൈനലിലെ അര്‍ധ സെഞ്ചുറി അടക്കം ടൂര്‍ണമെന്‍റില്‍ ഉടനീളം മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത വിരാട് കോലിയാണ് മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റ്.

LEAVE A REPLY

Please enter your comment!
Please enter your name here