ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനവുമായി കെഎസ്ഇബി.

0
72

കെഎസ്ഇബിയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചതോടെ ഓൺലൈൻ മുഖേനെ പണമടയ്ക്കാനുള്ള സംവിധാനവുമായി അധികൃതർ രംഗത്ത്. ots.kseb.in എന്ന പോർട്ടലിലൂടെയാണ് പണമടയ്ക്കാനാകുക.തിരുവനന്തപുരം: കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് സ്വീകാര്യത വർധിച്ചതോടെ ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനവുമായി അധികൃതർ. പ്രത്യേക പോര്‍ട്ടലായ ots.kseb.in സന്ദര്‍ശിച്ച് ഓൺലൈൻ മുഖേനെ പണമടയ്ക്കാനാകും.വൈദ്യുതി ബില്‍ കുടിശ്ശികയുടെ വിശദാംശങ്ങൾ തികച്ചും അനായാസം അറിയാനും ഓണ്‍ലൈൻ മുഖേനെ പണം അടയ്ക്കാനുമുള്ള സംവിധാനമാണ് കെഎസ്ഇബി പരിചയപ്പെടുത്തുന്നത്. ഏതെങ്കിലും ബ്രൗസറിൽ ots.kseb.in എന്ന വെബ് വിലാസം നൽകി പ്രവേശിച്ച ശേഷം ആദ്യം കാണുന്ന വെൽക്കം സ്ക്രീനിൽ മൊബൈൽ ഫോൺ നമ്പരും കൺസ്യൂമർ നമ്പരും നൽകി സ്റ്റാർട്ട് ബട്ടൺ അമർത്തണം. ഈ സമയം മൊബൈൽ നമ്പരിലേക്ക് ഒരു ഒടിപി നമ്പർ ലഭിക്കും. ലഭിക്കുന്ന ഒടിപി അടുത്ത സ്ക്രീനിൽ നൽകി സബ്മിറ്റ് ബട്ടൺ അമർത്തണം. തുടർന്ന് ഓപ്പണായി വരുന്ന പേജിൽ കൺസ്യൂമർ നമ്പരും പദ്ധതിയിലൂടെ അടയ്ക്കാവുന്ന തുകയും കാണാൻ സാധിക്കും.ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കുകയാണെങ്കിൽ എത്ര തുക അടയ്ക്കണമെന്നും ഇത് മുഖേനെ ലഭിക്കുന്ന ലാഭവിവരവുമറിയാം. പണമടയ്ക്കുന്ന വിവിധ ഓപ്ഷനുകൾ കാണാം. സിംഗിൾ പെയ്മെൻ്റ്, പ്രിൻസിപ്പൾ പെയ്മെൻ്റ് ആദ്യമടച്ച് പലിശ തവണകളായി അടയ്ക്കുന്ന ഓപ്ഷൻ, പ്രിൻസിപ്പൾ എമൗണ്ടും പലിശയും തവണകളായി അടയ്ക്കുന്ന ഓപ്ഷൻ എന്നീ മൂന്ന് ഒപ്ഷനുകൾ കാണാനാകും.

തവണകളായി അടയ്ക്കുന്ന ഓപ്ഷനിൽ സൗകര്യമായ കാലാവധി തെരഞ്ഞെടുക്കാം. അനുയോജ്യമായത് തെരഞ്ഞെടുത്ത് അടുത്ത സ്ക്രീനിലേക്ക് പ്രൊസീഡ് ബട്ടണമർത്തി പ്രവേശിക്കണം. ഈ സ്ക്രീനിൽ കുടിശ്ശിക പലിശ ഇളവിനായി പരിശോധിക്കാം. അല്ലെങ്കിൽ പണമടയ്ക്കുന്നതിലേക്ക് നേരിട്ട് കടക്കാം. പണമടയ്ക്കുന്നതിലേക്ക് കടന്നാൽ ടേംസ് ആൻഡ് കണ്ടീഷൻ കാണാം. ഇവിടെ ചെക്ക് ബോക്സിൽ ടിക്ക് ചെയ്ത് എൻട്രോൾ ആൻഡ് കൻ്റിന്യൂ ബട്ടൺ അമർത്തണം. തുടർന്ന് എൻട്രോൾ ചെയ്തതായുള്ള കൺഫർമേഷൻ ചെയ്തതായുള്ള സ്ക്രീൻ കാണാം.

പ്രൊസീഡ് ടു പെയ്മെൻ്റ് ബട്ടൺ അമർത്തി അടുത്ത സ്ക്രീനിൽ എത്തി പേ നൗ എന്ന ബട്ടൺ അമർത്തണം. ഇതോടെ പെയ്മെൻ്റ് ഗേറ്റ് വേയിലേക്ക് പ്രവേശിക്കും. തുടർന്ന് കാണുന്ന ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ, യുപിഐ, നെറ്റ് ബാങ്കിങ് എന്നിവയിലൊന്ന് തെരഞ്ഞെടുത്ത് പണമടയ്ക്കാം. പണം അടച്ചുകഴിഞ്ഞാൽ രസീത് സ്ക്രീനിൽ കാണാം. ഇത് ഭാവിയിലെ ആവശ്യങ്ങൾക്കായി സേവ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഏതെങ്കിലും കാരണത്താൽ പണമടയ്ക്കുന്നതിൽ തടസ്സമുണ്ടായാൽ കൂടുതല്‍ വിശദാശംങ്ങള്‍ക്കുമായി ടോള്‍ ഫ്രീ നമ്പരായ 1912ല്‍ ബന്ധപ്പെടാവുന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here