സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ വിജയ് – ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ വിജയാഘോഷം ഇന്ന് നടക്കും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന സക്സസ് മീറ്റില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും വിജയ് ആരാധകരും അടക്കം ആയിരങ്ങള്‍ പങ്കെടുക്കും. സിനിമയുടെ നിര്‍മ്മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ സക്സസ് മീറ്റിന്റെ പ്രൊമോയും പങ്കുവെച്ചിട്ടുണ്ട്.
സുരക്ഷാ പ്രശ്നങ്ങളാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന ലിയോയുടെ ഓഡിയോ ലോഞ്ച് ക്യാന്‍സല്‍ ചെയ്തത് ആരാധകരെ നിരാശരാക്കിയിരുന്നു. വിജയിയെ നേരില്‍ കാണാനും അദ്ദേഹത്തിന്റെ ‘കുട്ടി കഥൈ’ കേള്‍ക്കാനും കാത്തിരുന്ന ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനമായിരുന്നു ലിയോയുടെ സക്സസ് മീറ്റ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം 12 ദിവസം കൊണ്ട് 540 കോടിയിലധികം രൂപയാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്. ലോകേഷ് കനകരാജ്- രത്നകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില് ഉള്‍പ്പെടുന്ന ചിത്രമാണ്. ലിയോയുടെ രണ്ടാം ഭാഗവും വേദിയില്‍ വെച്ച് പ്രഖ്യാപിച്ചേക്കും.
മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിച്ച ലിയോയില്‍ അനിരുദ്ധാണ് ഗാനങ്ങള്‍ ഒരുക്കിയത്. ചിത്രത്തിലെ നാ റെഡി, ബാഡ്ആസ്, ഉയിര്‍പാതി, തുടങ്ങിയ ഗാനങ്ങളും വൈറലായിരുന്നു. അന്പ് അറിവ് മാസ്റ്റര്‍മാരാണ് ലിയോയുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്.
വിജയ്ക്കൊപ്പം തൃഷ, മഡോണ സെബാസ്റ്റ്യന്‍, സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിര്‍മ്മിച്ചിരിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ലിയോ കേരളത്തില്‍ വിതരണം ചെയ്തത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. .പി ആർ ഓ: പ്രതീഷ് ശേഖർ.