കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് അയച്ച ‘എറാൻ’ (The man who always obeys) എന്ന തന്റെ ചിത്രം ഒന്നു കാണുക പോലും ചെയ്യാതെ ജൂറി ഒഴിവാക്കി എന്ന ആരോപണവുമായി ചിത്രത്തിന്റെ സംവിധായകൻ ഷിജു ബാലഗോപാലൻ. ചിത്രം ഐഎഫ്എഫ്കെയുടെ പ്രദർശനത്തിന് പരിഗണിക്കുന്നതിനായി എല്ലാ ചട്ടങ്ങളും പാലിച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം സെപ്റ്റംബർ 10ന് സമർപ്പിച്ചിരുന്നു എന്നും എന്നാൽ ജൂറി ഒരു സെക്കന്റ് പോലും സിനിമ കണ്ടില്ലെന്നും ഷിജു ബാലഗോപാലൻ പറയുന്നു.
വീഡിയോ ഷെയറിംഗ് സർവീസ് പ്ലാറ്റ്ഫോമായ വിയമോയുടെ അനലറ്റിക്സ് പ്രകാരം വിഡിയോ ഒരു സെക്കന്റ് പോലും പ്ലേ ചെയ്തിട്ടില്ലെന്നുള്ളതിന്റെ തെളിവും ഷിജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. സിനിമ തെരഞ്ഞെടുക്കാനും തള്ളാനും ഉള്ള പൂർണ്ണമായ സ്വാതന്ത്ര്യം ചലച്ചിത്ര അക്കാദമിക്കുണ്ട്. പക്ഷേ ജൂറി ഒരു സെക്കന്റ് പോലും സിനിമ കാണാതെ തിരസ്കരിച്ചത് എന്നെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയുടെ Vimeo Link പരിശോധിച്ചതില്‍ നിന്നും Vimeo Region analytics ൽ നിന്നും മനസ്സിലാക്കുന്നത് ജൂറി ഈ സിനിമ ഒരു second പോലും പ്ലേ ചെയ്തിട്ടില്ല എന്നാണ്. ഡൗണ്‍ലോഡ് ഓപ്ഷന്‍ ആക്ടിവേറ്റഡായിരുന്നെങ്കിലും ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കണ്ടിട്ടില്ലെന്നും Vimeo analytics വ്യക്തമാക്കുന്നു.
പരിഗണനയ്ക്ക് വരുന്ന എല്ലാ ചിത്രങ്ങളും കാണുക എന്ന പ്രാഥമിക കടമ പോലും ഇവിടെ ലംഘിച്ചിരിക്കുകയാണ്. ഒരു സെക്കന്റ് പോലും ചിത്രം കണ്ടിട്ടില്ല.ഇതേ ലിങ്ക് തന്നെ മറ്റു പല ചലച്ചിത്ര മേളകളിലേക്കും അയച്ചിരുന്നു. Vimeo analytics ൽ നോക്കുമ്പോൾ അവർ ഒക്കെ കണ്ടതായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇത് എൻ്റെ മാത്രം പ്രശ്നമാണെന്ന് കരുതുന്നില്ല. എന്നെപ്പോലുള്ള വളരെ ചെറിയ ബഡ്ജറ്റിൽ സിനിമ ചെയ്യുന്ന, പ്രത്യേകിച്ച് ഉന്നതങ്ങളിൽ പിടിപാടൊന്നും ഇല്ലാത്ത, ചലച്ചിത്രകലയോടുള്ള അഗാധമായ ഇഷ്ടം കൊണ്ട് മാത്രം സിനിമ ചെയ്യുന്ന സംവിധായകരെ സംബന്ധിച്ച് വേദനയും പ്രതിഷേധവും ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ടെക്നിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ പറയുകയാണ്, എൻ്റെ അക്കാദമി ചങ്ങാതിമാരേ, എന്നെപ്പോലുള്ള വിഡ്ഢികളെ പറ്റിക്കാനെങ്കിലും സിനിമ ഏതെങ്കിലും ഒരു ഡെസ്ക്ടോപ്പിൽ ചുമ്മാ പ്ലേ ചെയ്തിട്ട് watch time എങ്കിലും കാണിച്ചുകൂടായിരുന്നോ ഷിജു ബാലഗോപാലൻ പറയുന്നു.