ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. പ്രേക്ഷകരിൽ ചിരി നിറയ്ക്കുന്ന ചിത്രമായിരിക്കും ഫാലിമി എന്നാമ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. തികച്ചും ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കും ഫാലിമി. നവംബർ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ജഗദീഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അച്ഛനും മകനുമായാണ് ജഗദീഷും ബേസിലും ചിത്രത്തിലെത്തുന്നത്. ഇവരുടെ കോമ്പോ തിയേറ്ററിൽ വൻ വിജയമാകുമെന്നാണ് പ്രതീക്ഷ.
ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രമാണ് ഫാലിമി. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മഞ്ജു പിള്ള, സിദ്ധാർദ്ധ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഒരു ഗ്ലിംപ്സ് വീഡിയോയും നേരത്തെ പുറത്തിറങ്ങിയിരുന്നു.