ഡല്‍ഹി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എംസ് ഗില്‍ ( മനോഹർ സിംഗ് ഗിൽ) അന്തരിച്ചു. ഞായറാഴ്ച സൗത്ത് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 86 വയസ്സായിരുന്നു. 1996 ഡിസംബറിനും 2001 ജൂണിനുമിടയിലാണ് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി (സിഇസി) സേവനമനുഷ്ഠിച്ചത്. ടിഎൻ ശേശൻ തെരഞ്ഞെടുപ്പു സമിതിയുടെ തലവനായിരുന്ന കാലത്താണ് ഗില്ലും ജിവിജി കൃഷ്ണമൂർത്തിയും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളാകുന്നത്. ആ സമയത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നിലധികം അംഗങ്ങളുടെ ബോഡിയായി മാറുന്നതും.
ജോലിയില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഒരു പക്ഷെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന ആദ്യ മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണറും അദ്ദേഹമായിരിക്കും. 1996 മുതല്‍ 2001 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. 2004ല്‍ രാജ്യസഭാംഗമായ ഗില്‍ 2008 മുതല്‍ 2011 വരെ കേന്ദ്ര മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള കായിക യുവജനക്ഷേമ മന്ത്രിയായിരുന്നു.
പഞ്ചാബ് കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദല്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നപ്പോൾ യുവ ഉദ്യോഗസ്ഥനെന്ന നിലയിൽ ഗില്‍ നടത്തിയ പ്രവർത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഗില്ലിന്റെ മൃതദേഹ സംസ്‌കാരം തിങ്കളാഴ്ച ഡല്‍ഹിയില്‍ തന്നെ നടത്തുമെന്നും കുടുംബാഗങ്ങള്‍ അറിയിച്ചു. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് ഗില്ലിന്‍റെ കുടുംബം. ഒരു പ്രസ്താവനയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ പതിനൊന്നാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗില്ലിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി “പഞ്ചാബ് കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസിലെ 1958 ബാച്ചിലെ മിടുക്കനായ ഓഫീസർ” എന്നാണ് അദ്ദേഹത്തെ കമ്മീഷന്‍ വിശേഷിപ്പിച്ചത്.
“അദ്ദേഹം സിഇസി ആയിരുന്ന കാലത്ത്, 1998-ൽ 12-ാം ലോക്‌സഭയിലേക്കും 1999-ൽ 13-ാം ലോക്‌സഭയിലേക്കും, 1997-ൽ 11-ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും, 20-ലധികം സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുകളും കമ്മീഷന്‍ വിജയകരമായി നടത്തി. ,” തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
“തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള അദ്ദേഹത്തിന്റെ നേതൃത്വവും പ്രതിബദ്ധതയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരും. ഒരു സിവിൽ സർവീസ് ജോലിക്കാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അസാധാരണവും വിശിഷ്ടവുമായ സേവനങ്ങൾക്ക് 2000-ൽ ശ്രീ ഗില്ലിന് പത്മവിഭൂഷൺ ലഭിച്ചു. പരേതന്റെ ആത്മാവിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,” പ്രസ്താവന കൂട്ടിച്ചേർത്തു.