പഠനത്തില്‍ ഒട്ടും താല്‍പ്പര്യമില്ലാതിരുന്നിട്ടും രാജ്യത്തെ ഏറ്റവും ഉന്നത പരീക്ഷയായ യുപിഎസ് സി പരീക്ഷയില്‍ 121-ാം റാങ്ക് നേടിയ ഒരു ഐപിഎസുകാരന്റെ ജീവിതകഥയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മനോജ് കുമാര്‍ ശര്‍മ്മ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. വളരെ ദരിദ്രമായ ചുറ്റുപാടിലാണ് അദ്ദേഹം ജനിച്ച് വളര്‍ന്നത്. എന്നാല്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സ്വപ്‌നതുല്യമായ പദവി നേടിയിരിക്കുകയാണ് അദ്ദേഹം ഇന്ന്.
മധ്യപ്രദേശിലെ മൊറേനയിലാണ് മനോജ് കുമാര്‍ ശര്‍മ്മ ജനിച്ചത്. വളരെ ദരിദ്രമായ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. വെറും തേർഡ് ക്ലാസ് മാർക്ക് നേടിയാണ് ഇദ്ദേഹം പത്താംക്ലാസ് പാസായത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഹിന്ദി ഒഴികെ എല്ലാ വിഷയത്തിനും പരാജയപ്പെട്ടു. എന്നാല്‍ ഈ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു.
പന്ത്രണ്ടാം ക്ലാസില്‍ വെച്ച് ഇദ്ദേഹത്തിന് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നിയിരുന്നു. പരീക്ഷയില്‍ തോറ്റതോടെ പ്രണയം പെണ്‍കുട്ടിയെ എങ്ങനെ അറിയിക്കുമെന്ന ചിന്തയിലായി അദ്ദേഹം. ധൈര്യം സംഭരിച്ച് അദ്ദേഹം തന്റെ പ്രണയം ആ പെണ്‍കുട്ടിയെ അറിയിച്ചു. അതിശയകരമെന്ന് പറയട്ടെ. ആ പെണ്‍കുട്ടി മനോജിന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചു.
“നീ എന്നോട് യെസ് പറയുകയാണെങ്കില്‍ ഈ ലോകം ഞാന്‍ മാറ്റിമറിക്കും,” എന്നായിരുന്നു അദ്ദേഹം അന്ന് ആ പെണ്‍കുട്ടിയോട് പറഞ്ഞത്.
പിന്നീടെ ആ പെണ്‍കുട്ടിയെ തന്നെ മനോജ് വിവാഹം ചെയ്തു. ശ്രദ്ധ ജോഷി എന്നാണ് അവരുടെ പേര്. യുപിഎസ് സി പഠനത്തിന് മനോജിന് വേണ്ട എല്ലാ പിന്തുണയും നല്‍കിയത് ശ്രദ്ധയായിരുന്നു. ഐആര്‍എസ് ഉദ്യോഗസ്ഥയാണ് ശ്രദ്ധ.
പഠനത്തിനിടെ നിരവധി വെല്ലുവിളികളാണ് മനോജിന് നേരിടേണ്ടി വന്നത്. പഠനച്ചെലവിന് ആവശ്യമായ പണത്തിനായി അദ്ദേഹം ടെംപോ ഓടിച്ചു. തെരുവില്‍ യാചകര്‍ക്കൊപ്പം അദ്ദേഹം കിടന്നുറങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലെ ഒരു ലൈബ്രറിയിലും അദ്ദേഹം ജോലി നോക്കി. വളരെ മികച്ചൊരു തീരുമാനമായിരുന്നു അതെന്ന് മനോജ് പറയുന്നു. നിരവധി പേരുടെ കൃതികള്‍ വായിക്കാന്‍ ഈ ജോലിയിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു.
തുടരെ നാല് തവണയാണ് മനോജ് കുമാര്‍ ശര്‍മ്മ യുപിഎസ്‌സി പരീക്ഷയെഴുതിയത്. ആദ്യത്തെ മൂന്ന് തവണയും അദ്ദേഹം പരാജയപ്പെട്ടു. എന്നാല്‍ നാലാമത്തെ ശ്രമത്തില്‍ 121 -ാം റാങ്ക് നേടി ഐപിഎസ് സ്വന്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മുംബൈ പോലീസിലെ അഡീഷണല്‍ കമ്മീഷണറായി സേവനമനുഷ്ടിച്ച് വരികയാണ് അദ്ദേഹമിപ്പോള്‍.