ഇന്ത്യൻ ഓയിൽ പൈപ്പ് ലൈൻ തുരന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന എണ്ണ മോഷണം. ദ്വാരകയിലെ പോചൻപൂർ ഗ്രാമത്തിലെ പൈപ്പ് ലൈനിലാണ് മോഷണം നടന്നത്. കഴിഞ്ഞ ജൂൺ മാസം മുതൽ തുരങ്കം വഴി മോഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. എണ്ണ മോഷ്ടിക്കാനായി 40 മീറ്റർ ആഴത്തിൽ തുരങ്കം കുഴിച്ചിരുന്നു.
സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്ന സ്ഥലത്തു നിന്ന് തൊണ്ടിമുതലുകളടക്കം പിടികൂടിയതായി ദ്വാരക ഡെപ്യൂട്ടി കമ്മീഷണർ എം ഹർഷ വർധൻ പറഞ്ഞു. സ്ഥലത്ത് എണ്ണ മോഷണം നടക്കുന്നതായി സംശയം തോന്നിയതിനെ തുടർന്ന് ഐഒഎൽ ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം കണ്ടെത്തിയത്.
രണ്ട് മീറ്റർ താഴെയുള്ള ഐഒസിഎൽ പൈപ്പ് ലൈനിൽ നിന്ന് പ്രതി തുടർച്ചയായി എണ്ണ മോഷ്ടിക്കുകയായിരുന്നെന്ന് ഡൽഹി പൊലീസ് പറഞ്ഞു. സമീപത്തെ പ്ലോട്ടിലേക്ക് തുറന്ന ഭൂഗർഭ പൈപ്പ് ലൈനിന് സമീപം 40 മുതൽ 45 മീറ്റർ വരെ വലിപ്പമുള്ള തുരങ്കം നിർമിച്ച് അതിലൂടെ എണ്ണ മോഷ്ടിക്കുകയായിരുന്നു. തുരങ്കമുണ്ടാക്കിയ സ്ഥലത്തിന്റെ ഉടമയാണ് എണ്ണ മോഷ്ടിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.