സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സൈക്കോളജി എന്നിവയ്ക്കൊപ്പം ഫിസിയോതെറാപ്പിയും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് മണിപ്പാല്‍ ഹോസ്പിറ്റലിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ രശ്മി പറയുന്നു.
ഫിസിയോതെറാപ്പിസ്റ്റുകള്‍ ഓരോ കുട്ടിയുടെയും അസുഖം, പ്രായം, വികസന ഘട്ടം എന്നിവ കണക്കിലെടുത്ത് അവരുടേതായ ആവശ്യങ്ങള്‍ വിലയിരുത്തുന്നു. ഫിസിയോതെറാപ്പി ശാരീരിക പരിമിതികൾക്ക് പിന്തുണ നൽകുകയും മോട്ടോര്‍ കഴിവുകളും (ദിവസവും ചെയ്യുന്ന ശാരീരിക ചലനങ്ങളും പ്രവൃത്തികളും ചെയ്യാനുള്ള കഴിവ്) ചലനശേഷിയും മെച്ചപ്പെടുത്തുന്നു. മൊത്തത്തിലുള്ള ഒരാളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചലന ശേഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നിരവധി വ്യായാമങ്ങളും പ്രവൃത്തനരീതികളും ഫിസിയോതെറാപ്പിസ്റ്റുകള്‍ നിർദേശിക്കും. ഇഴയുക, നടക്കുക, നിശ്ചിത സ്ഥാനത്തേക്ക് എത്തുക, വസ്തുക്കളെ തിരിച്ചറിയുക തുടങ്ങിയ മോട്ടോര്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സെറിബ്രല്‍ പാള്‍സി അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ക്ക് പലപ്പോഴും മോട്ടോര്‍ കഴിവുകളില്‍ ചില തകരാറുകള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ ഫിസിയോതെറാപ്പി ചെയ്യുന്നതിലൂടെ ഇത്തരം ചലനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും.
പേശികളുടെ ശക്തി, ഏകോപനം, ബാലന്‍സ് എന്നിവ ഉത്തേജിപ്പിക്കുന്ന ചില വ്യായാമങ്ങളും പ്രവര്‍ത്തനങ്ങളും തെറാപ്പിസ്റ്റുകള്‍ നിർദേശിക്കാറുണ്ട്. ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് വെല്ലുവിളിയായേക്കാവുന്ന വസ്ത്രധാരണം, ഭക്ഷണം കഴിക്കുന്നത്, ടോയ്ലറ്റില്‍ പോകുന്നത് തുടങ്ങിയ ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളില്‍ വേണ്ട ചലനശേഷി കൈവരിക്കുന്നതിനും ആരെയും ആശ്രയിക്കാതിരിക്കാന്‍ സഹായിക്കുന്ന വിവിധ അഡാപ്റ്റീവ് ഉപകരണങ്ങള്‍, മൊബിലിറ്റി ഉപകരണങ്ങള്‍, സ്പ്ലിമെന്റുകള്‍ എന്നിവ ശരിയായ രീതിയില്‍ നിര്‍ദേശിക്കുന്നതിന് ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടാകും.
പ്രത്യേക ശ്രദ്ധ വേണ്ട ചില കുട്ടികള്‍ക്ക് അവരുടെ ചില അവസ്ഥകൾ കാരണം വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്ന സാഹചര്യങ്ങളുമുണ്ട്. മാനുവല്‍ തെറാപ്പി ഉള്‍പ്പെടെയുള്ള ഫിസിയോതെറാപ്പി ടെക്‌നിക്കുകളും ഹീറ്റ് അല്ലെങ്കില്‍ കോള്‍ഡ് തെറാപ്പി, പ്രത്യേക വ്യായാമങ്ങള്‍ തുടങ്ങിയ രീതികൾ ഇത്തരം വേദന നിയന്ത്രിക്കാനും ലഘൂകരിക്കാനും മൊത്തത്തിലുള്ള അവരുടെ ക്ഷേമം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
ഫിസിയോതെറാപ്പിസ്റ്റുകള്‍ അവര്‍ പരിചരിക്കുന്ന കുട്ടികളുമായും അവരുടെ കുടുംബങ്ങളുമായും അടുത്ത് പ്രവര്‍ത്തിക്കുകയും, വീട്ടില്‍ കുട്ടിയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുള്ള വ്യായാമങ്ങളെ കുറിച്ച് അവര്‍ക്ക് വിവിധ സെഷനുകളിലൂടെ പഠിപ്പിക്കുകയും ചെയ്യുന്നു.
പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളുടെ സമഗ്ര പരിചരണത്തില്‍ ഫിസിയോതെറാപ്പി ഒരു പ്രധാന പങ്ക് വഹിക്കുന്നു. നേരത്തെയുള്ള ഇടപെടല്‍, വ്യക്തിഗത ചികിത്സാ പദ്ധതികള്‍, എന്നിവയിലൂടെ, ഫിസിയോതെറാപ്പിസ്റ്റുകള്‍ ഈ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തിരിച്ചറിയാനും സ്വന്തം നിലയില്‍ കാര്യങ്ങള്‍ ചെയ്യാനും, ആത്മവിശ്വാസം വളര്‍ത്താനും, മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്താനും സഹായിക്കുന്നു.