സിനിമാ സംവിധാനം തത്ക്കാലത്തേക്ക് നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് യുവസംവിധായകൻ സഞ്ജിത് ചന്ദ്രസേനൻ. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സഞ്ജിത് തന്റെ തീരുമാനം അറിയിച്ചത്. സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ത്രയം’, ശ്രീനാഥ് ഭാസി നായകനായ ‘നമുക്ക് കോടതിയിൽ കാണാം’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സഞ്ജിത്ത്. ചിത്രീകരണം പൂർത്തിയായെങ്കിലും രണ്ടുചിത്രങ്ങളും റിലീസ് ചെയ്തിട്ടില്ല.
കഴിഞ്ഞ ഒരു വർഷമായി സിനിമ ചെയ്യാത്തത് എന്തുകൊണ്ട്, ചെയ്ത രണ്ട് സിനിമകൾ ഇറങ്ങാത്തത് എന്തുകൊണ്ട് എന്ന ചോദ്യങ്ങൾ താൻ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് പറഞ്ഞുകൊണ്ടാണ് സഞ്ജിത്ത് കുറിപ്പ് ആരംഭിക്കുന്നത്. രണ്ട് സിനിമയും കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹമെഴുതി. പ്രശ്നം എന്തുമാവട്ടെ, അതൊക്കെ തൻറെ പ്രശ്നങ്ങളായിക്കണ്ട് സിനിമ തൽക്കാലത്തേക്ക് നിർത്തുകയാണ്. സിനിമയിൽ വന്നത് വളരെ കഷ്ടപ്പെട്ടാണ്. തന്റെ ആരും സിനിമയിൽ ഇല്ല. എന്നിട്ടും വളരെ കഷ്ടപ്പെട്ട് എത്തി. ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും സഞ്ജിത് പറയുന്നു.
‘‘ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷേ ഈ മനസിന്റെ ഭാരം ഭയങ്കരമാണ്. പറ്റുന്നില്ല. ജീവിതത്തിൽ ഒരിക്കൽ തോറ്റു എന്ന് തോന്നിയപ്പോൾ ജീവിക്കണമെന്ന് തോന്നിയത് സിനിമയിൽ വന്നപ്പോഴാണ്. ഇനി എന്ത്, എന്തിന് എന്ന ഒരു ചോദ്യം മാത്രം ബാക്കി. ഈ സിനിമകൾ അടുത്ത് തന്നെ റിലീസ് ആവും.’’–സംവിധായകൻ കൂട്ടിച്ചേർത്തു.
2022 ഓഗസ്റ്റിൽ തിയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രമാണ് ത്രയം. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു ത്രയത്തിന്. നിരഞ്ജ് മണിയൻപിള്ള രാജു, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, ഗോപീകൃഷ്ണൻ കെ വർമ്മ, ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ, ഷാലു റഹീം, ഡയാന ഹമീദ് തുടങ്ങിയവരായിരുന്നു മറ്റുതാരങ്ങൾ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച ചിത്രത്തിന് അരുൺ കെ ഗോപിനാഥ് ആണ് തിരക്കഥയും സംഭാഷണവുമെഴുതിയത്.
എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്‌സ് ഫിലിംസും ചേർന്നൊരുക്കിയ ചിത്രമായിരുന്നു ശ്രീനാഥ് ഭാസി നായകനായ ‘നമുക്ക് കോടതിയിൽ കാണാം’. ആഷിക്ക് അക്ബർ അലിയുടേതാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ. മിശ്രവിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞു ണ്ടായശേഷം അവരുടെ കുടുംബങ്ങൾക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് ‘നമുക്ക് കോടതിയിൽ കാണാം’. രൺജി പണിക്കർ, ലാലു അലക്‌സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരൻ, അലൻസിയർ, ജയരാജ് വാര്യർ, സിജോയ് വർഗീസ്, നിതിൻ രഞ്ജി പണിക്കർ, ധനേഷ് ആനന്ദ്, അഭിരാം രാധാകൃഷ്ണൻ, മൃണാളിനി ഗന്ധി, സരയു മോഹൻ, കവിത നായർ, ആൽഫി പഞ്ഞിക്കാരൻ, രശ്മി ബോബൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.