ഇടുക്കി: ബാറ്ററിവെള്ളമെന്ന് അറിയാതെ മദ്യത്തിൽ ചേർത്ത് കുടിച്ചയാൾ മരിച്ചു. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനൻ (62) എന്നയാളാണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് മോഹനന്‍ മദ്യം കഴിച്ചത്.
കുഴഞ്ഞുവീണ മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മുരിക്കാശ്ശേരി പൊലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ജോലിസംബന്ധമായ കാര്യത്തിനാണ് മോഹനൻ തോപ്രാംകുടിയിൽ എത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് ഇയാൾ വിദേശമദ്യം കഴിച്ചത്. വെള്ളത്തിന്‍റെ കുപ്പി മാറി അബദ്ധത്തിൽ ബാറ്ററി വെള്ളം മദ്യത്തിൽ ചേർക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
മദ്യം കുടിച്ചയുടൻ മോഹനൻ അവശനിലയിലായി. കുഴഞ്ഞുവീണ ഇയാളെ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതോടെ ചികിത്സയിലിരിക്കെ മോഹനൻ മരണപ്പെടുകയായിരുന്നു.
മോഹനന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.