നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിൽ (Gross Domestic Product – ജിഡിപി) 7.8 ശതമാനം വളര്‍ച്ച. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തിലെ കണക്കാണിത്. മാര്‍ച്ചില്‍ അവസാനിച്ച തൊട്ട് മുൻപുള്ള പാദത്തില്‍ ഇത് 6.1 ശതമാനമായിരുന്നവെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 13.5 ശതമാനം വളര്‍ച്ച നേടിയിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ യുഎസ് (2.1 ശതമാനം), യുകെ (0.4 ശതമാനം), ചൈന (6.3 ശതമാനം), ജപ്പാന്‍ (6 ശതമാനം), ജര്‍മനി (0.2 ശതമാനം) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ജിഡിപി അതി വേഗത്തിലുള്ള വളര്‍ച്ചയാണ് കാഴ്ച വയ്ക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ ജിഡിപി 40.37 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷം ഇത് 37.44 ലക്ഷം കോടി രൂപയായിരുന്നു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ ഇന്ത്യയുടെ ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) 7.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി നാണഷല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല 3.5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ സമയത്ത് ഇത് 2.4 ശതമാനമായിരുന്നു. അതേസമയം, നിര്‍മാണമേഖലയില്‍ ഇതേ കാലയളവില്‍ വളര്‍ച്ച കുറഞ്ഞു (4.7 ശതമാനം). കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 6.1 ശതമാനമായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദമായ ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്തിന്റെ ജിഡിപി 6.1 ശതമാനമായിരുന്നു, ഒക്ടോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 4.5 ശതമാനമായിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഏപ്രില്‍-ജൂണ്‍ കാലയളവിലെ ഇന്ത്യയുടെ ധനക്കമ്മി 6.06 ലക്ഷം കോടി രൂപയാണ് (മുഴുവന്‍ സാമ്പത്തിക വര്‍ഷ ലക്ഷ്യത്തിന്റെ 33.9 ശതമാനം).
അതേസമയം, ഈവര്‍ഷം ആദ്യപാദത്തിലെ ജിഡിപി വളര്‍ച്ച 7.8 ശതമാനമാണെങ്കിലും നേരത്തെ പ്രതീക്ഷിച്ചിരുന്ന 8.5 ശതമാനത്തിലും താഴെയാണിതെന്ന് മുഖ്യ സാമ്പത്തിക വിദഗ്ധനും ഐസിആര്‍എ മേധാവിയുമായ അദിതി നായര്‍ പറഞ്ഞു. സാധാരണ ലഭിക്കുന്നതിനും കുറവ് മഴ ലഭിച്ചിരിക്കുന്നതിനാല്‍ അടുത്ത പാദങ്ങളില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് മിതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
”ആദ്യപാദത്തില്‍ നേടിയിരിക്കുന്ന 7.8 ശതമാനമെന്ന ജിഡിപി വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്നതാണ്. ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് പേലെ നിര്‍മാണമേഖലയ്‌ക്കൊപ്പം സേവന മേഖലയും ഈ പാദത്തില്‍ ജിഡിപി വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം, നിക്ഷേപ വളര്‍ച്ച ഉപഭോഗ വളര്‍ച്ചയെ മറികടക്കുന്നത് ഈ പാദത്തിലും തുടര്‍ന്നു”, കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷല്‍ ഇക്വിറ്റീസിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ സുവോദീപ് രക്ഷിത് പറഞ്ഞു. ”ഇതേ പ്രവണത അടുത്ത ഏതാനും പാദങ്ങളിലും തുടരും. അതേസമയം, അടുത്ത പാദങ്ങളില്‍ ജിഡിപി വളര്‍ച്ച കുറവായിരിക്കും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.