ചന്ദ്രയാൻ-3 ദൗത്യം ഒടുവിൽ ചന്ദ്രനെ തൊട്ടു.

0
71

ചന്ദ്രയാൻ-3 ദൗത്യം ഒടുവിൽ ചന്ദ്രനെ തൊട്ടു. രാജ്യത്തുടനീളം ആഘോഷങ്ങൾ നടക്കുകയാണ്. ഈ നേട്ടം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യയെ മാറ്റുക മാത്രമല്ല, വിവിധ ബഹിരാകാശ ഏജൻസികളുടെ ശ്രദ്ധ ആകർഷിക്കുകയും കൂടി ചെയ്യുന്നതാണ്. പക്ഷേ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഇസ്രോ) ചാന്ദ്രയാത്ര സുഗമമാക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സുപ്രധാന പങ്ക് വഹിച്ചുവെന്ന കാര്യം നിങ്ങൾക്കറിയാമോ?… ഇല്ലെങ്കിൽ കൂടുതലറിയാൻ തുടർന്ന് വായിക്കുക.

വൈവിധ്യമാർന്ന വ്യവസായങ്ങളിലുടനീളം എഐ ഒരു ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറുകയാണ്. ബഹിരാകാശ പര്യവേക്ഷണവും ഇതിൽ നിന്ന് വ്യത്യസ്‌തമല്ല. ഡാറ്റ വേഗത്തിൽ വിശകലനം ചെയ്യാനും പ്രവചനാത്മകമായ സ്ഥിതിവിവരക്കണക്കുകൾ കണ്ടെത്താനും സ്വയംഭരണ നാവിഗേഷൻ നൽകാനും ദൗത്യ പ്രവർത്തനങ്ങൾ മുൻകൂട്ടി തീരുമാനിക്കാനും ഇതിലെ അപാകതകൾ കണ്ടെത്താനും മറ്റും ഈ സാങ്കേതികവിദ്യ നമ്മെ സഹായിച്ചു. ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിൽ, മുൻ ബഹിരാകാശ ദൗത്യങ്ങൾക്ക് സമാനമായി എഐ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ചന്ദ്രോപരിതലത്തിൽ ഒരു സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കുന്നതിൽ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സെൻസറുകൾ മുഖ്യഘടമായി വർത്തിച്ചു. ചാന്ദ്ര ഭൂപ്രകൃതി മുൻകൂട്ടി അറിയാനും അപാകതകൾ തിരിച്ചറിയാനും ദൗത്യത്തിന്റെ ലാൻഡിംഗ് വിദഗ്ധമായി നാവിഗേറ്റ് ചെയ്യാനും അപകടസാധ്യതകൾ ലഘൂകരിക്കാനും സുരക്ഷ വർദ്ധിപ്പിക്കാനും ഈ സാങ്കേതികവിദ്യ ലാൻഡറിനെ വളരെയേറെ സഹായിച്ചു.

ഇസ്രോ ചെയർമാൻ എസ് സോമനാഥ് ഇതിനിടയിൽ ഒരു സാങ്കേതിക മുന്നേറ്റം അനാവരണം ചെയ്‌തു, വെലോസിമീറ്ററുകളും ആൾട്ടിമീറ്ററുകളും അടങ്ങുന്ന ഒരു സെൻസർ അറേയായിരുന്നു അത്. ഈ ഉപകരണങ്ങൾ ലാൻഡറിന്റെ വേഗതയെയും ഉയരത്തെയും കുറിച്ചുള്ള സുപ്രധാന ഡാറ്റ നൽകുന്നു.  അതേസമയം ഒരു കൂട്ടം ക്യാമറകൾ (അപകടങ്ങൾ ഒഴിവാക്കാനുള്ള ക്യാമറയും ജഡത്വം അടിസ്ഥാനമാക്കിയുള്ള ക്യാമറകളും ഉൾപ്പെടെ) നിർണായക ദൃശ്യങ്ങൾ പകർത്തുന്നു. ലാൻഡറിന്റെ ശരിയായ സ്ഥാനം കൃത്യമായി ചൂണ്ടിക്കാണിക്കുന്ന ഒരു സമഗ്രമായ ഇമേജ് സൃഷ്ടിക്കുന്നതിന് വിപുലമായ കമ്പ്യൂട്ടർ അൽഗോരിതങ്ങൾ ഉപയോഗിച്ച് ഈ ഡാറ്റ സ്ട്രീമുകൾ തടസ്സങ്ങളില്ലാതെ സംയോജിപ്പിച്ചിരിക്കുന്നു.

ഇനി റോവറിന്റെ ചാന്ദ്ര പര്യവേക്ഷണ ഘട്ടത്തിലും എഐ സഹായിക്കും. കൗതുകമുണർത്തുന്ന ചാന്ദ്ര സവിശേഷതകൾ കണ്ടെത്തുന്നതിനും കൃത്യമായി മാപ്പ് ചെയ്യുന്നതിനും ഒപ്പം കാര്യക്ഷമമായ പര്യവേക്ഷണത്തിനായി റോവറിന്റെ ഒപ്റ്റിമൽ റൂട്ട് ചാർട്ട് ചെയ്യുന്നതിലും എഐ അൽഗോരിതങ്ങൾ മാർഗ്ഗനിർദ്ദേശം നൽകും. ബഹിരാകാശ പേടകം അമൂല്യമായ ഡാറ്റകൾ ശേഖരിക്കുന്നതിനാൽ, വിശകലന ഘട്ടത്തിൽ എഐ നേതൃസ്ഥാനം ഏറ്റെടുക്കും. പരമ്പരാഗത രീതികളിൽ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിവിവരക്കണക്കുകൾ മറനീക്കി പുറത്തുകൊണ്ടുവരാൻ എഐ സാങ്കേതിക വിദ്യ സഹായിക്കും.

ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് നടത്തിയതോടെ യുഎസ്എ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇസ്രോ പറഞ്ഞത് പോലെ, ദൗത്യം മൂന്ന് പ്രാഥമിക ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്: സുരക്ഷിതവും സൗമ്യവുമായ ചന്ദ്ര ഉപരിതല ലാൻഡിംഗ് നടത്തുക, ചന്ദ്രന്റെ ഭൂപ്രദേശത്തുടനീളമുള്ള ഒരു റോവറിന്റെ ചലനശേഷി പ്രകടമാക്കുക, ഇവിടെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here