മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന് ആരോപണം. പുതുപ്പള്ളി സ്വദേശിനി പി ഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് ടെലിവിഷന്‍ ചാനല്‍ പ്രതിനിധി പ്രതികരണം ചോദിച്ചപ്പോള്‍, ഉമ്മന്‍ചാണ്ടി തന്റെ കുടുംബത്തിന് ചെയ്ത സഹായത്തെക്കുറിച്ച് സതിയമ്മ തുറന്ന് പറഞ്ഞിരുന്നു. ചാണ്ടി ഉമ്മനായിരിക്കും ഇത്തവണ വോട്ട് ചെയ്യുകയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇനി മുതല്‍ ജോലിക്ക് വരേണ്ടെന്നു അധികൃതര്‍ അറിയിച്ചതെന്നാണ് പരാതി.
മൃഗാശുപത്രിയില്‍ സ്വീപ്പറായി ജോലി ചെയ്തിരുന്ന തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസറാണ് രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടെന്നും ജോലിയില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടതെന്ന് സതിയമ്മ പറഞ്ഞു. 13 വര്‍ഷമായി ചെയ്യുന്ന ജോലിയാണ് നഷ്ടമായത്. മകന്‍ അപകടത്തില്‍ മരിച്ച ശേഷം ഉമ്മന്‍ ചാണ്ടിയാണ് തങ്ങളെ സഹായിച്ചത്. ഇക്കാര്യം മാത്രമാണ് താന്‍ ചാനലുകളില്‍ പറഞ്ഞത്. ഈ ജോലിയാണ് ഏക വരുമാന മാര്‍ഗമെന്നും അവര്‍ വ്യക്തമാക്കി.
മൃഗാശുപത്രിയില്‍ താത്കാലിക ജീവനക്കാരിയായിരുന്നു സതിയമ്മ. നേരത്തെ വൈക്കത്തായിരുന്നു ജോലി. ഇതു അവസാനിച്ച ശേഷം കുടുംബശ്രീ വഴിയാണ് പുതുപ്പള്ളിയില്‍ ജോലിക്ക് കയറിയത്.
അതേസമയം കുടുംബശ്രീ വഴിയാണ് സതിയമ്മയെ ജോലിക്കെടുത്തതെന്നും അവരുടെ ഊഴം അവസാനിച്ചതിനാലാണ് ഒഴിവാക്കിയതെന്നുമാണ് മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത്.
സംഭവം വിവാദമായതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സതിയമ്മയുടെ വീട്ടിലെത്തി സംസാരിച്ചു.
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും പ്രതികരണവുമായി രംഗത്തെത്തി. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്നു അദ്ദേഹം ചോദിച്ചു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സതിയമ്മയുടെ പരാതി രാഷ്ട്രീയമായി ഉയര്‍ത്താനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.