തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല് തൊട്ടുവണങ്ങിയ സംഭവം വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രജനികാന്ത്. സന്ന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞവരാണെങ്കില്‍ പോലും സന്ന്യാസിമാരോട് ആദരം അറിയിക്കുന്നത് ഇങ്ങനെയാണെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രജനികാന്ത്.
ജയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ആരംഭിച്ച ആത്മീയ യാത്ര പൂർത്തിയാക്കി ചെന്നൈയിൽ തിരിച്ചെത്തിയ ശേഷമാണ് രജനികാന്തിന്റെ പ്രതികരണം. ജയിലർ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് രജനികാന്ത് ഉത്തർപ്രദേശിലെത്തിയത്. കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് രജനിയ്ക്ക് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹവും സമ്മാനിച്ചു.
അതേസമയം രജനികാന്തിന്റെ പ്രവൃത്തിയിൽ ഒരുവിഭാഗം ആളുകൾ ക്ഷുഭിതരാണ്. ഈ സാഹചര്യത്തിൽ രജനികാന്തിന്റെ പഴയ ഒരു വീഡിയോയും വൈറലായി മാറി. മതാപിതാക്കളുടേയും ദൈവത്തിന്റേയും അല്ലാതെ മറ്റാരുടേയും കാലിൽ വീഴരുതെന്ന് രജനികാന്ത് പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഫാൻ മീറ്റിൽ രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. മാതാപിതാക്കളുടേയും ദൈവത്തിന്റേയും കാലിൽ വീഴരുതെന്നാണ് രജനികാന്ത് പറയുന്നത്. അധികാരവും പണവും ഉള്ളവന്റെ കാലിൽ വീഴേണ്ട ആവശ്യമില്ലെന്നും രജനി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ രജനികാന്ത് അദ്ദേഹത്തിന്റെ കാലിൽ വീണത് വിവാദമായതിന് പിന്നാലെയാണ് ഇക്കാര്യം തന്നെ എതിർക്കുന്ന പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.