ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ അതീവ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ, 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ എന്നിവ ഒരുക്കിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ദേശീയ തലസ്ഥാനം ഒരുങ്ങുന്നത്. രണ്ട് വർഷത്തിന് ശേഷം കോവിഡ് -19 നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന പരിപാടിയിൽ ശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും അടുത്തിടെയുണ്ടായ അക്രമസംഭവങ്ങൾ കണക്കിലെടുത്ത് കർശന ജാഗ്രത ഉറപ്പാക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
“കോവിഡ് -19 നിയന്ത്രണങ്ങളൊന്നുമില്ലാതെ ഈ വർഷം സ്വാതന്ത്ര്യദിനം പൂർണ്ണ ആവേശത്തോടെ ആഘോഷിക്കും. അതിനാൽ, ശക്തവും ആവശ്യമായതുമായ പോലീസിനെ വിന്യസിക്കും. സുരക്ഷ ഒരുക്കുന്നതിനായി മറ്റ് ഏജൻസികളുമായി തത്സമയ വിവരങ്ങൾ ഏകോപിപ്പിക്കുകയും പങ്കിടുകയും ചെയ്യും.”-സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ (ക്രമസമാധാനം) ഡിപേന്ദ്ര പഥക് പറഞ്ഞു.
“സുരക്ഷാ ആവശ്യങ്ങൾക്കായി ഡൽഹി പൊലീസ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കും. ഞങ്ങൾ റിഹേഴ്സലുകൾ നടത്തുകയാണ്.”- പതക് വ്യക്തമാക്കി. സെൻട്രൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലെ ഗ്യാൻ പഥിൽ ദേശീയ ഉത്സവാഘോഷങ്ങൾക്കായി പൂക്കളും ജി20 ചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ചിരിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ വലിയ അലങ്കാരങ്ങളൊന്നും ഉണ്ടാകില്ല.
കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ 1,800 ഓളം പ്രത്യേക അതിഥികളെ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള സർക്കാർ ക്ഷണിച്ചിട്ടുണ്ട്. ഈ വർഷം, 20,000-ലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കും.
ഫേഷ്യൽ റെക്കഗ്നിഷനും വീഡിയോ അനലിറ്റിക് സംവിധാനങ്ങളുമുള്ള ആയിരത്തോളം ക്യാമറകൾ മുഗൾ കാലഘട്ടത്തിലെ കോട്ടയിലും പരിസരത്തും, മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ഫൂൾ പ്രൂഫ് സുരക്ഷ ഉറപ്പാക്കാനും വിവിഐപി ചലനങ്ങൾ നിരീക്ഷിക്കാനും സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ചെങ്കോട്ടയിൽ ആന്റി ഡ്രോൺ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ തോക്കുകൾ സ്ഥാപിക്കുന്നതുൾപ്പെടെ എല്ലാ ഭീകരവിരുദ്ധ നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷയ്ക്കായി സ്‌നൈപ്പർമാർ, എലൈറ്റ് SWAT കമാൻഡോകൾ, ഷാർപ്പ് ഷൂട്ടർമാർ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ വിന്യസിക്കും.
കേന്ദ്ര ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പട്രോളിംഗ് ശക്തമാക്കുകയും സുപ്രധാന ഇൻസ്റ്റാളേഷനുകളിൽ അധിക പിക്കറ്റുകൾ വിന്യസിക്കുകയും ചെയ്യും. അനിഷ്ട സംഭവങ്ങൾ തടയാൻ സേന അതീവ ജാഗ്രതയിൽ തുടരുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
അതിർത്തികളിൽ സമഗ്രമായ പരിശോധന നടക്കുന്നുണ്ട്. ദേശീയ തലസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പരിപാടികൾ പൂർത്തിയാകുന്നതുവരെ ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ പട്ടം പറത്തൽ നിരോധന മേഖലയായി നിശ്ചയിച്ചിട്ടുണ്ട്.
പറത്തിയ പട്ടം പിടിക്കാൻ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ആവശ്യമായ സജ്ജീകരണങ്ങളുമായി 153 പട്ടം പിടിക്കുന്നവരെ വിന്യസിക്കും, ചെങ്കോട്ടയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലെ താമസക്കാരോട് ഇവന്റ് കഴിയുന്നതുവരെ പട്ടം പറത്തരുതെന്ന് പോലീസ് അറിയിച്ചു. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ പോഡിയത്തിന് തൊട്ടുതാഴെയായി ഒരു പട്ടം വീണിരുന്നു.
ഡൽഹി പോലീസ് പട്രോളിംഗും അട്ടിമറി വിരുദ്ധ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവ പരിശോധിക്കുകയും വാടകക്കാരുടെയും ജോലിക്കാരുടെയും രേഖകൾ പരിശോധന നടത്തുകയും ചെയ്യുന്നു.
ആർഡബ്ല്യുഎ (റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ), എംഡബ്ല്യുഎ (മാർക്കറ്റ് വെൽഫെയർ അസോസിയേഷനുകൾ) അംഗങ്ങളുമായും മീറ്റിംഗുകൾ നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു. വ്യാഴാഴ്ച രാജ്ഘട്ട് പോലുള്ള പ്രദേശങ്ങളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം പോലീസ് നിരോധന ഉത്തരവുകൾ ഏർപ്പെടുത്തി.
“സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കണക്കിലെടുത്ത്, രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയവയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ സിആർപിസി (ക്രിമിനൽ നടപടി ചട്ടം) സെക്ഷൻ 144 നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒരു തരത്തിലുമുള്ള ഒത്തുചേരലും അനുവദനീയമല്ല.” പോലീസ് എക്സിൽ കുറിച്ചു. സുരക്ഷാ കാരണങ്ങളാൽ 2021-ൽ ഡൽഹി പോലീസ് ചെങ്കോട്ടയുടെ പ്രധാന കവാടത്തിൽ ഗ്രാഫിറ്റി കൊണ്ട് അലങ്കരിച്ച ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ ഒരു വലിയ മതിൽ സ്ഥാപിച്ചിരുന്നു. ഈ വർഷം അത്തരമൊരു മതിൽ ഉണ്ടാകില്ല.
പാരാ-ഗ്ലൈഡറുകൾ, പാരാ-മോട്ടോറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, യുഎവികൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ്, ഹോട്ട് എയർ ബലൂണുകൾ, ചെറിയ വലിപ്പത്തിലുള്ള പവർ എയർക്രാഫ്റ്റുകൾ, ക്വാഡ്‌കോപ്റ്ററുകൾ തുടങ്ങിയ ഉപ-പരമ്പരാഗത ഏരിയൽ പ്ലാറ്റ്‌ഫോമുകൾ പറക്കുന്നത് നിരോധിച്ചിരിക്കുന്നു. ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയുടെ അധികാരപരിധി ഓഗസ്റ്റ് 16 വരെയാണെന്ന് പോലീസ് വ്യക്തമാക്കി.