വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ഡൽഹി സർവീസ് ബിൽ ലോക്സഭയിൽ പാസാക്കി. ബിൽ ജനാധിപത്യ വിരുദ്ധമെന്നാരോപിച്ച് പ്രതിപക്ഷ എംപിമാർ വാക്കൗട്ട് നടത്തി. ഡൽഹി സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള പ്രധാന വഴിത്തിരിവാണ് ബിൽ.
അതേസമയം ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകുമെന്ന് ബിജെപി നേരത്തെ വാഗ്ദാനം ചെയ്തിരുന്നതായി ലോക്‌സഭയിൽ ബിൽ പാസാക്കിയതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ട്രാൻസ്ഫർ പോസ്റ്റിംഗിൽ സംസ്ഥാനത്തിന്റെ നിയന്ത്രണം എടുത്തുകളയുന്ന ബില്ലിൽ നിരാശ പ്രകടിപ്പിച്ച കെജ്‌രിവാൾ, ബിജെപി ഇന്ന് ഡൽഹിയിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തി എന്നും ആരോപിച്ചു.
“2014ൽ മോദി തന്നെ പ്രധാനമന്ത്രിയായാൽ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഇവർ ഡൽഹിയിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തത്. ഇനി മുതൽ മോദിജിയെ വിശ്വസിക്കരുത്,” അരവിന്ദ് കെജ്‌രിവാൾ ട്വീറ്ററിൽ കുറിച്ചു. ചൊവ്വാഴ്ചയാണ് അമിത് ഷാ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.