വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ആള്‍ക്ക് കൊവിഡ്. കാലാവധി പൂര്‍ത്തിയാക്കി 12ാം ദിവസമാണ് കുണ്ടയം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. 62 വയസുള്ള ഇദ്ദേഹത്തിന്‍റെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടയില്‍ സംശയം തോന്നി സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
42 ദിവസം മുന്‍പായിരുന്നുഇദ്ദേഹം അബുദാബിയില്‍ നിന്നും എത്തിയത്. തുടര്‍ന്ന് 28 ദിവസം ക്വാറന്‍റീനില്‍ കഴിയുകയും ചെയ്തു. രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ പുറത്തിറങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ സന്പര്‍ക്ക പട്ടിക വിപുലമാണ്. പത്തനാപുരം സെന്‍റ് ജോസഫ് ആശുപത്രി, കുണ്ടയം അക്ഷയ കേന്ദ്രം, ടൗണ്‍ ചന്തയിലെ രണ്ട് കടകള്‍,ഇദ്ദേഹത്തിന്‍റെ മൂലക്കടയിലെ ബാര്‍ബര്‍ ഷോപ്പ് എന്നിവ അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.അതേസമയം കൊല്ലം ജില്ലയില്‍ ഇന്നലെ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 5 പേര്‍ക്കും സന്പര്‍ക്കം മൂലം 77 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറും ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്നലെ 146 പേര്‍ രോഗമുക്തി നേടി.