ഡല്‍ഹിയില്‍ ഓഗസ്റ്റ് 16 വരെ ഡ്രോണുകള്‍ക്ക് നിരോധനം

0
77

ഡല്‍ഹിയില്‍ പാരാഗ്ലൈഡറുകള്‍, ഹാംഗ്-ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി പോലീസ്. സുരക്ഷാ കാരണങ്ങളാലാണ് ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 16 വരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പാരാഗ്ലൈഡറുകള്‍, പാരാമോട്ടറുകള്‍, ഹാംഗ് ഗ്ലൈഡേഴ്‌സ് , ആളില്ലാ ഏരിയല്‍ വെഹിക്കിള്‍സ് (യുഎവി), റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ്, ഹോട്ട് എയര്‍ ബലൂണുകള്‍, ചെറിയ വലിപ്പത്തിലുള്ള പവര്‍ എയര്‍ക്രാഫ്റ്റുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സാമൂഹ്യവിരുദ്ധരോ തീവ്രവാദികളോ പൊതുജനങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്.

അതിനാലാണ് ദേശീയ തലസ്ഥാന പരിധിയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഡല്‍ഹി പോലീസ് കമ്മീഷണര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനത്തിന് ശേഷവും ഇവ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 188 പ്രകാരം ( ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ച ഉത്തരവ് പാലിക്കാതിരിക്കുക) ശിക്ഷാര്‍ഹമാണ്. ഈ ഉത്തരവ് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും. പ്രസ്തുത തീയതിക്ക് മുമ്പ് പിന്‍വലിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 16 മുതല്‍ 26 ദിവസത്തേക്ക് ഇത് പ്രാബല്യത്തില്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here