പിടിഐ നിരോധിച്ചാൽ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) നേതാവ് ഇമ്രാൻ ഖാൻ പറഞ്ഞു. വാർത്താ ഏജൻസിയായ നിക്കി ഏഷ്യയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
നിരോധനം തന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്ന് ചോദിച്ചപ്പോൾ, “അവർ പാർട്ടി നീക്കം ചെയ്താൽ, ഞങ്ങൾ പുതിയ പേരിൽ ഒരു പാർട്ടി രൂപീകരിക്കുകയും തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്യും” എന്ന് ഇമ്രാൻ പറഞ്ഞു. തന്നെ അയോഗ്യനാക്കുകയും ജയിലിലടക്കുകയും ചെയ്‌താലും പാർട്ടി വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മെയ് 9 ന് നടന്ന രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഇമ്രാൻ ഖാന്റെ പാർട്ടിയെ നിരോധിക്കണമെന്ന് നിരവധി സർക്കാർ നേതാക്കളിൽ നിന്ന് ആഹ്വാനമുണ്ട്. പിടിഐയെ നിരോധിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി റാണ സനാഉല്ല നിർദ്ദേശിച്ചപ്പോൾ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ഇത്തരമൊരു നീക്കം പരിഗണിക്കുന്നതായി സൂചിപ്പിച്ചു.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാനും വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരിയും പിടിഐയെ നിരോധിക്കുന്നതിനെ തന്റെ പാർട്ടി എതിർക്കില്ലെന്ന് സൂചിപ്പിച്ചു. അതേസമയം ദേശീയ രാഷ്ട്രീയ ഭൂപ്രകൃതി അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും തന്റെ പിന്തുണക്കാരുടെ അടിത്തറ ശക്തമായി തുടരുമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.