രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കി കേരളത്തിന്റെ അഭിമാന താരം മിന്നു മണി. ഇന്ത്യ ബംഗ്ലദേശ് വനിത ട്വന്റി20 ആദ്യ മല്‍സരത്തില്‍ മലയാളിതാരം മിന്നു മണി ആദ്യ വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഓവറിലെ നാലാമത്തെ പന്തിലാണ് മിന്നുമണിയുടെ വിക്കറ്റ് നേട്ടം. ബംഗ്ലദേശിന്റെ ഷമീമ സുല്‍ത്താനയെയാണ് മിന്നു പുറത്താക്കിയത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ് മിന്നു മണി. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി വനിതാ ക്രിക്കറ്റ് താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയെന്ന റെക്കോര്‍ഡുമായാണ് താരം ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയത്. മിന്നു മണിയ്ക്ക് ഓപ്പണര്‍ സ്മൃതി മന്ധാന ഇന്ത്യന്‍ ക്യാപ് കൈമാറി. ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു മണി ആദ്യമായാണ് സീനിയര്‍ ടീമില്‍ ഇടംപിടിച്ചത്. മൂന്ന് മത്സരങ്ങളാണ് ബംഗ്ലദേശിനെതിരായ പരമ്പരയിലുള്ളത്.