ലോകത്തെ ഏറ്റവും മൂല്യമുള്ള നാലാമത്തെ ബാങ്കായി HDFC.

0
76

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെയും മോര്‍ട്ട്ഗേജ് ലെന്‍ഡറായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെയും ലയനം ഇന്ന് (ജൂലൈ ഒന്നിന്) പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. ഇരു സ്ഥാപനങ്ങളുടെയും ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐക്ക് ശേഷം ആസ്തിയില്‍ രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനമായി എച്ച്ഡിഎഫ്സി ബാങ്ക് മാറും. കൂടാതെ ലോകത്തെ തന്നെ നാലാമത്തെ വലിയ ബാങ്കായും എച്ച്ഡിഎഫ്‌സി മാറും. എച്ച്ഡിഎഫ്‌സി- എച്ച്ഡിഎഫ്‌സിബാങ്ക് ലയനത്തില്‍ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

ലോണ്‍ബുക്ക്

ലയിപ്പിച്ച സ്ഥാപനത്തിന്റെ ലോണ്‍ ബുക്ക് (ഒരു ബാങ്കിന്റെയോ ഫിനാന്‍സ് കമ്പനിയുടെയോ കൈവശമുള്ള വായ്പകളുടെ മൂല്യം) അല്ലെങ്കില്‍ അഡ്വാന്‍സുകള്‍ 38.77 ശതമാനം വര്‍ധിച്ച് 22.21 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലയനത്തിന് മുമ്പ്, മാര്‍ച്ച് 31 വരെ ഇത് 16.00 ലക്ഷം കോടി രൂപയായിരുന്നു.

നിക്ഷേപം

ജൂലൈ ഒന്നിന് എച്ച്ഡിഎഫ്സി ലയനം നടക്കുന്നതോടെ ബാങ്കിന്റെ നിക്ഷേപം 18.84 ലക്ഷം കോടി രൂപയാകും.

ജീവനക്കാരുടെ എണ്ണം

ലയനത്തിന് ശേഷം ബാങ്കിലെ ജീവനക്കാരുടെ എണ്ണം നേരിയ തോതില്‍ വര്‍ദ്ധിക്കും. കണക്കുകള്‍ പ്രകാരം, ലയനത്തിനു ശേഷം ബാങ്കിലെ ജീവനക്കാരുടെ എണ്ണം 2.32 ശതമാനം വര്‍ധിച്ച് 177,239 ആകും. ലയനത്തിന് മുമ്പ് ഇത് 173,222 ആയിരുന്നു.

ശാഖകൾ

ബാങ്ക് ശാഖകളുടെ കാര്യത്തില്‍, എച്ച്ഡിഎഫ്സി ബാങ്കിന് എച്ച്ഡിഎഫ്സിയേക്കാള്‍ കൂടുതല്‍ ബ്രാഞ്ചുകളുണ്ട്. അതിനാല്‍ ലയനത്തിനുശേഷം ശാഖകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാകില്ലെന്നാണ് വിവരം. ലയനത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ബ്രാഞ്ചുകളുടെ എണ്ണം 6.7 ശതമാനം ഉയര്‍ന്ന് 8,344 ശാഖകളായി മാറുമെന്നും റിപ്പോർട്ടുകളുണ്ട്.

വിപണി മൂലധനം

എച്ച്ഡിഎഫ്സി ബാങ്കിനും എച്ച്ഡിഎഫ്സിക്കും കാര്യമായ വിപണി മൂലധനമുണ്ട്. അതിനാല്‍, ലയനത്തിനുശേഷം വിപണി മൂലധനം 53.9 ശതമാനമായി ഉയരും. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം ലയനത്തിന് മുമ്പുള്ള 9.45 ലക്ഷം കോടി രൂപയില്‍ നിന്ന് 14.6 ലക്ഷം കോടി രൂപയായി ഉയരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എച്ച്ഡിഎഫ്സിയുടെ ഓഹരികള്‍ ജൂലൈ 13ന് വ്യാപാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ ചെയര്‍മാന്‍ ദീപക് പരേഖ് അറിയിച്ചിരുന്നു. എച്ച്ഡിഎഫ്സിയുടെ ഓഹരിയുടമകള്‍ക്ക് 25 ഷെയറുകള്‍ക്ക് പകരം എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഷെയറുകള്‍ ലഭ്യമാകും. നിക്ഷേപകര്‍ക്ക് നിക്ഷേപ കാലാവധി കഴിയുന്നത് വരെ വാഗ്ദാനം ചെയ്തിരിക്കുന്ന പലിശ ലഭിക്കുമെന്നും പരേഖ് പറഞ്ഞു. വായ്പകള്‍ തിരിച്ചടയ്ക്കുന്നതുവരെ ബാധകമായ പലിശ നിരക്ക് തുടരുമെന്നും പുതിയ വായ്പകളും നിക്ഷേപങ്ങളും ബാങ്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും പരേഖ് അറിയിച്ചു.2022 ഏപ്രിലിലാണ് ഇരുസ്ഥാപനങ്ങളുടെയും ലയനം പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here