ഡേറ്റിങ് ആപ്പിലൂടെ ‘ആപ്പിലാക്കും’, മൊബൈല്‍ ഫോണ്‍ തട്ടും.

0
72

കൊടുങ്ങല്ലൂര്‍: ഓണ്‍ലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുന്ന സംഘം അറസ്റ്റില്‍.

മേത്തല പുതുവല്‍പുരയിടം വീട്ടില്‍ അജ്മല്‍ (28), പുല്ലൂറ്റ് വാലത്തറ വീട്ടില്‍ അഖില്‍ (29) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വവര്‍ഗ സൗഹൃദങ്ങള്‍ക്ക് എന്ന പേരിലുള്ള ‘ഗ്രിൻഡര്‍’ എന്ന ഓണ്‍ലൈൻ ആപ്ലിക്കേഷൻ വഴി പരിചയപ്പെടുന്ന യുവാക്കളെ പല സ്ഥലങ്ങളില്‍ വിളിച്ചുവരുത്തും. താല്‍ക്കാലികമായി ഉപയോഗിക്കാനെന്ന് പറഞ്ഞ് ഇവരില്‍ നിന്ന് പ്രതികള്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്ദ്രപ്രസ്ഥം ബാര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാൻ വാങ്ങിയ യുവാവിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. സ്റ്റേഷൻ ഇൻസ്പെക്ടര്‍ ഇ.ആര്‍. ബൈജു, എസ്.ഐ. ഹരോള്‍ഡ് ജോര്‍ജ്, സി.പി.ഒമാരായ ഫൈസല്‍, വിപിൻ കൊല്ലറ, രാജൻ, ഗോപകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏതാനും മാസംമുമ്ബ് കോഴിക്കോട് വടകരയില്‍ ഇതേ ആപ്പ് ഉപയോഗിച്ച്‌ പരിചയപ്പെട്ട വ്യാപാരിയെ സ്വര്‍ണവും പണവും കവരാൻ യുവാവ് കൊലപ്പെടുത്തിയിരുന്നു. ആപ്പിലൂടെ വ്യാപാരിയെ പ്രതി സൗഹൃദ വലയത്തിലാക്കുകയും സ്വര്‍ണവും പണവും മോഷ്ടിക്കാൻ കൊലപ്പെടുത്തുകയുമായിരുന്നു.

ഡിസംബര്‍ 24 ന് രാത്രിയാണ് വടകര പഴയബസ്സ്റ്റാൻഡിന് സമീപം വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ പുതിയാപ്പ് വലിയ പറമ്ബത്ത് ഗൃഹലക്ഷ്മിയില്‍ രാജനെ (62) കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ അമ്ബലത്ത് വീട്ടില്‍ എ.എസ്. മുഹമ്മദ് ഷെഫീക്കിനെ (22) പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ആപ്പാണ് ഗ്രിൻഡര്‍. ഈ ആപ്പ് വഴി നിരവധി പുരുഷന്മാര്‍ സൗഹൃദ കൂട്ടായ്മകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പലതും സ്വവര്‍ഗരതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാല്‍, നിരവധി ക്രിമിനലുകള്‍ ഈ ആപ്പില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പരിചയപ്പെടുന്നവരുടെ പണവും സ്വര്‍ണവും അടക്കം മോഷ്ടിക്കുകയും നഗ്നത പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടുകയും ചെയ്യുന്നുണ്ടെന്നും പൊലീസ് പറയുന്നു.

വടകര കൊലപാതക കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് മുൻപും സമാനമായ രീതിയിലുള്ള നിരവധി മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആപ്പുവഴി അപരിചിതരെ പരിചയപ്പെട്ടശേഷം സൗഹൃദംസ്ഥാപിച്ച്‌ നേരിട്ട് കാണാനെത്തുന്നതാണ് 22-കാരന്റെ രീതി. ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ മോഷണത്തിനുള്ള സാധ്യതകള്‍ മനസ്സിലാക്കി മോഷണമുതല്‍ കൈക്കലാക്കി കടന്നുകളയും.

സൗഹൃദംസ്ഥാപിച്ച്‌ കടമുറിക്കുള്ളിലെത്തിയ ഷഫീഖ് രാജനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് കര്‍ണാടകയില്‍ അടക്കം വൻ സുഹൃദ് വലയങ്ങളുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ളവരാണ് അന്ന് പ്രതിക്കുവേണ്ടി അഭിഭാഷകനെയടക്കം ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here