ടൂറിസം രംഗത്ത് കൂടുതല്‍ നിക്ഷേപം: മന്ത്രി മുഹമ്മദ് റിയാസ്.

0
64

കൊച്ചി: വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നവീകരണം, സൗകര്യം വര്‍ദ്ധിപ്പിക്കല്‍, വിപണനം എന്നിവയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് വെര്‍ച്വല്‍ ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം സന്ദര്‍ശിക്കുന്നവര്‍ക്ക് മികച്ച ടൂറിസം അനുഭവം ലഭിക്കുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കണം. കേരള ടൂറിസത്തെ അന്തര്‍ദേശീയ വേദികളില്‍ മികച്ച രീതിയില്‍ വിപണനം ചെയ്യുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യും. ടൂറിസം രംഗത്തെ അഭിവൃദ്ധി സംരംഭകര്‍ക്ക് മാത്രമല്ല, പ്രദേശവാസികള്‍ക്കും ലഭിക്കുന്നത് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പുതിയ ടൂറിസം ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് സഹായങ്ങള്‍ നല്‍കും. ഹോംസ്റ്റേ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വരെ ടൂറിസം വ്യവസായത്തിലെ പങ്കാളികള്‍ക്ക് തുല്യമായ അവസരം ഉറപ്പാക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ധനമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി. രാജീവ്, വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജോസ് പ്രദീപ്, മുന്‍ പ്രസിഡന്റുമാരായ ജോസ് ഡൊമിനിക്, ഇ.എം. നജീബ്, റിയാസ് അഹമ്മദ്, ഏബ്രഹാം ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. 120 വിദേശ ബയര്‍മാരും 395 ആഭ്യന്തര ബയര്‍മാരുമാണ് വെര്‍ച്വല്‍ കെ.ടി.എമ്മില്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ 245 സംരംഭകരുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here