മദ്രാസ് ഐഐടിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി സച്ചിന്‍ കുമാര്‍ ജെയിനിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് ‘ഐ ആം സോറി നോട്ട് ഗുഡ് ഇനഫ്’ എന്ന് വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമാണ് സച്ചിന്‍ വേളാച്ചേരിയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സച്ചിന്റെ സഹോദരന്‍ ഭവേഷ് ജെയിന്‍ ഐഐടി മദ്രാസ് ഡയറക്ടര്‍ക്ക് കത്തെഴുതി. ഗൈഡ് പെരുമാറുന്ന രീതിയില്‍ സച്ചിന്‍ അസ്വസ്ഥനായിരുന്നെന്നും പരാതിയില്‍ പറയുന്നു.
സച്ചിന് നീതി ലഭിക്കണമെന്നും ഗൈഡ്, പ്രൊഫസര്‍ ആശിഷിനെ സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. സച്ചിന്റെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറുള്ളവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രൊഫസര്‍ ആശിഷിനെ ലബോറട്ടറി സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്ത സച്ചിന്‍. സംഭവ ദിവസം ഐഐടി മദ്രാസിലെ ഗിണ്ടി കാമ്പസിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ റെഗുലര്‍ ക്ലാസിന് പിന്നാലെ സച്ചിന്‍ ആരോടും പറയാതെ വാടക വീട്ടിലേക്ക് പോയതായി പോലീസ് പറഞ്ഞു. ഒരു മണിക്കൂറിന് ശേഷവും സച്ചിനെ കാണാതായതോടെ സുഹൃത്തുക്കള്‍ അവനെ അന്വേഷിച്ച് താമസസ്ഥലത്തേക്ക് പോയി. തുടര്‍ന്നാണ് ഡൈനിംഗ് ഹാളില്‍ തൂങ്ങിയ നിലയില്‍ സച്ചിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ സച്ചിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.