കണ്ണൂര്‍: അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള 25.37 കോടി രൂപയുടെ പദ്ധതി രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും.
കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ അഴീക്കലില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
അഴീക്കല്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എംഎല്‍എ ഫിഷറീസ് മന്ത്രിക്ക് നിവേദനം നല്‍കുകയും നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. അഴീക്കല്‍ സന്ദര്‍ശിച്ച മന്ത്രി സജി ചെറിയാന്‍ ആധുനിക സജീകരണങ്ങളുള്ള ഹാര്‍ബറായി മാറ്റാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ എന്‍ജിനിയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി.
ഈ മാസ്റ്റര്‍ പ്ലാനിനാണ് നബാര്‍ഡിന്റെ അംഗീകാരവും ഭരണാനുമതിയും ലഭിച്ചത്. ആധുനിക സെവന്‍സ് ഫുട്‌ബോള്‍ മൈതാനം, 185.35 മീറ്റര്‍ നീളത്തില്‍ ബോട്ടുകള്‍ കരയ്ക്കടിപ്പിക്കാനുള്ള വാര്‍ഫ്, 498 ചതുരശ്ര മീറ്ററില്‍ ലേലപ്പുര, തൊഴിലാളികളുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള 12 ലോക്കര്‍ മുറി, സാഫ് ഓഫീസ്, മത്സ്യം വാഹനത്തില്‍ കയറ്റാനും പാര്‍ക്കിങ്ങിനുമുള്ള സൗകര്യം, ഓഫീസ് കെട്ടിടം, കാന്റീന്‍, ശുചിമുറി ബ്ലോക്ക്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വലയുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും നടത്താനുള്ള സ്ഥലം, ബോട്ട് യാര്‍ഡ് നവീകരണം, ഡ്രഡ്ജിങ്, ചുറ്റുമതില്‍, കുടിവെള്ള സൗകര്യം, നിരീക്ഷണ ക്യാമറ, തുറമുഖത്തേക്കുള്ള റോഡ് നവീകരണം, വൈദ്യുതീകരണം തുടങ്ങിയവ ഒരുക്കും.
ലാന്‍ഡിങ് ബര്‍ത്തിന്റെ നീളം കൂട്ടുന്നതോടെ കൂടുതല്‍ ബോട്ടുകള്‍ക്ക് മത്സ്യം ഇറക്കാനാവും. യോഗത്തില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ഹാര്‍ബര്‍ എന്‍ജിനിയറിങ് സൂപ്രണ്ടിങ് എന്‍ജിനിയര്‍ മുഹമ്മദ് അന്‍സാരി, മത്സ്യഫെഡ് ജില്ലാ ഓഫീസര്‍ രജിത, മുഹമ്മദ് അഷ്‌റഫ്, എന്‍ വിനയന്‍, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.