‘ജയിലില്‍ അടയ്ക്കാനല്ല, കൊല്ലാനാണ് പദ്ധതി’; അജ്ഞാതര്‍ മരണക്കെണി ഒരുക്കിയെന്ന് ഇമ്രാന്‍ ഖാന്‍

0
71

നൂറിലധികം കേസുകളില്‍ അന്വേഷണം നേരിടുന്നതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കോടതിയില്‍ മൊഴിയെടുക്കുന്ന വേളയില്‍ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് പറഞ്ഞ അദ്ദേഹം വെര്‍ച്വലായി ഹാജരാകാന്‍ അനുമതി നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. ഫെഡറല്‍ ജുഡീഷ്യല്‍ കോംപ്ലക്സില്‍ (എഫ്ജെസി) ഒരു ‘മരണ കെണി’ സ്ഥാപിച്ചിട്ടുണ്ടെന്നും തോഷഖാന കേസില്‍ ഹിയറിംഗില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ആരോപിച്ചു.

തന്നെ കൊല്ലാന്‍ അജ്ഞാതര്‍ പുറത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടതായി ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ അട്ട ബാന്‍ഡിയലിന് അയച്ച കത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിപ്പിക്കണമെന്ന് പിടിഐ മേധാവി ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച, തോഷഖാന കേസില്‍ വാദം കേള്‍ക്കുന്നതിനായി ഇമ്രാന്‍ ഖാന്‍ എത്തിയപ്പോള്‍ വന്‍ നാടകീയ രംഗങ്ങളാണ് കോടതിക്ക് പുറത്ത് അരങ്ങേറിയത്. കോടതി സമുച്ചയത്തിന് പുറത്ത് ഇസ്ലാമാബാദ് പോലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് കോടതിയില്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം പോകാന്‍ എഡിഎസ്‌ജെ സഫര്‍ ഇഖ്ബാല്‍ ഇമ്രാന് അനുമതി നല്‍കി. പിന്നാലെ അദ്ദേഹത്തിന്റെ അറസ്റ്റ് വാറണ്ടും റദ്ദാക്കി. തീവ്രവാദം, കൊലപാതകം, മതനിന്ദ, വധശ്രമം, രാജ്യദ്രോഹം തുടങ്ങി നൂറോളം കേസുകളിലാണ് ഇമ്രാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്.

തോഷഖാന കേസില്‍ ഹിയറിംഗിന് ഹാജരാകേണ്ടിയിരുന്ന ഇസ്ലാമാബാദിലെ ഫെഡറല്‍ ജുഡീഷ്യല്‍ കോംപ്ലക്സില്‍ ഒരു മരണക്കെണി വെച്ചിരുന്നതായി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. തന്നെ കൊല്ലാന്‍ 20 അജ്ഞാതര്‍ കോടതി സമുച്ചയത്തില്‍ എത്തിയെന്നായിരുന്നു അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ വ്യക്തമാക്കിയത്.

‘എന്നെ ജയിലില്‍ അടയ്ക്കാനല്ല, കൊല്ലാനായിരുന്നു പദ്ധതി. അതിന് അധിക സമയമെടുക്കില്ല. അവര്‍ വിജയിക്കും, അപ്പോള്‍ ആരാണ് ഉത്തരവാദി?”, അദ്ദേഹം ചോദിച്ചു.

പ്രസംഗത്തിനിടെ, ജുഡീഷ്യല്‍ കോംപ്ലക്സില്‍ സംശയാസ്പദമായി സിവില്‍ വസ്ത്രം ധരിച്ച് പ്ലാസ്റ്റിക് കൈവിലങ്ങുകളുമായി നടക്കുന്ന ചിലരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചാണ് ഇമ്രാന്റെ ആരോപണം. ഇവര്‍ കൈവശം വച്ചിരുന്ന കയറുകൊണ്ട് തന്നെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം ആരോപിച്ചു. ഈ ഇരുപതോ അതിലധികമോ ‘അജ്ഞാതരായ ആളുകള്‍’ എങ്ങനെയാണ് അതീവ സുരക്ഷാ മേഖലയില്‍ (ജുഡീഷ്യല്‍ കോംപ്ലക്‌സ്) പ്രവേശിച്ചതെന്ന് അന്വേഷിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ സിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here