ബ്യൂണസ് അയേഴ്സ്: സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന് നേരെ ആക്രമണം.
കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പര്‍മാര്‍ക്കറ്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അര്‍ജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്.
മെസി നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കുന്നു. മയക്കുമരുന്ന് കച്ചവടക്കാരന്‍ കൂടിയായ ജാവ്കിന്‍ നിങ്ങളെ സംരക്ഷിക്കുകയില്ലെന്ന സന്ദേശമെഴുതിയ കടലാസ് ഉപേക്ഷിച്ചാണ് അക്രമിസംഘം മടങ്ങിയത്. നഗരത്തിലെ മേയറായ പാബ്ലോ ജാവ്കിനെ ഉദ്ദേശിച്ചാണ് അക്രമിസംഘം സന്ദേശം നല്‍കിയത്.
മെസിയുടെ ഭാര്യ അന്റോണേല റോക്കുസോയുടെ ഉടമസ്ഥതയിലുള്ള യുണികോ സൂപ്പര്‍മാര്‍ക്കറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ബ്യൂണസ് അയേഴ്സില്‍ നിന്നും 320 കിലോ മീറ്റര്‍ അകലെയാണ് സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ അടഞ്ഞുകിടക്കുന്ന ഇരുമ്ബ് വാതിലിന് നേരെ 12ഓളം തവണ അക്രമിസംഘം നിറയൊഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വിഷയത്തില്‍ ലയണല്‍ മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല.