ഇന്ത്യയ്ക്ക് ഇത് കുറച്ച് ഉയരം കൂടിയ അഭിമാന നേട്ടമാണ്. കിളിമഞ്ജാരോ എന്ന പര്‍വ്വതം ഒരിക്കല്‍ കൂടി തലകുനിച്ചു.
5895 മീറ്റര്‍ ഉയരത്തിലുള്ള ഉഹുറു കൊടുമുടി കീഴടക്കി ഒരു മലയാളി ഐഎഎസുകാരന്‍. ആഫ്രിക്കന്‍ പര്‍വതത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയപ്പോള്‍ പിറന്നത് ചരിട്രം കൂടിയാണ്. കിളിമഞ്ജാരോ കീഴടക്കിയ ആദ്യ ഐഎഎസുകാരന്‍ എന്ന ബഹുമതിയ്‌ക്ക് അര്‍ഹനായിരിക്കുകയാണ് അര്‍ജുന്‍ പാണ്ഡ്യന്‍.
ഫെബ്രുവരി മൂന്നാം വാരമാണ് ജോലി തിരക്കുകള്‍ക്ക് താത്കാലിക വിരാമമിട്ട് അര്‍ജുന്‍ പാണ്ഡ്യന്‍ യാത്രയായത്. ഒറ്റയ്‌ക്കാണ് അദ്ദേഹം താന്‍സാനിയയ്‌ക്ക് വിമാനം കയറിയത്. ഹിമാലയന്‍ പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള അടിസ്ഥാന പര്‍വതാരോഹണ കോഴ്സും ഉത്തരകാശിയിലെ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങില്‍ നിന്ന് അഡ്വാന്‍സ് കോഴ്‌സും അര്‍ജുന്‍ പാണ്ഡ്യന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഉപകരണങ്ങളുടെ സഹായമില്ലാതെ കീഴടക്കാവുന്ന കൊടുമുടിയാണ് കിളിമഞ്ജാരോയ്‌ക്ക് മുകളിലുള്ള ഉഹുറു കൊടുമുടി. ഈ പ്രത്യേകത പര്‍വ്വതാരോഹണം ആയാസ.രഹിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 12 മണിക്കൂര്‍ നീണ്ട സാഹസികതയ്‌ക്കൊടുവില്‍ പുലര്‍ച്ചെ ഉറുഹുകൊടുമുടിക്കു മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. രണ്ടുദിവസംകൊണ്ട് പര്‍വതമിറങ്ങി മോഷിടൗണില്‍ തിരികെയെത്തി.
ഇടുക്കി ഏലപ്പാറയ്‌ക്കടുത്ത് കാവക്കുളത്തെ കര്‍ഷക കുടുംബത്തിലാണ് അര്‍ജുന്‍ പാണ്ഡ്യന്റെ ജനനം. ഏലം കര്‍ഷകനായ സി.പാണ്ഡ്യനും അങ്കണവാടി അദ്ധ്യാപികയായ ഉഷാകുമാരിയുമാണ് മാതാപിതാക്കള്‍. കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളേജില്‍നിന്ന് ബിടെക് നേടിയശേഷമാണ് 2017 ബാച്ചുകാരനായി സിവില്‍ സര്‍വീസിലെത്തിയത്. ഡോക്ടറായ പി.ആര്‍. അനുവാണ് ഭാര്യ.