ഇന്ത്യയിലെ ആദ്യത്തെ 22 സ്‌മാർട്ട് സിറ്റികൾ മാർച്ചോടെ സജ്ജമാകും

0
63

കേന്ദ്ര സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്‌മാർട്ട് സിറ്റി മിഷന് കീഴിലുള്ള ആദ്യഘട്ട പദ്ധതികൾ അടുത്ത മാസത്തോടെ പൂർത്തിയാക്കും. ആഗ്ര, വാരണാസി, ചെന്നൈ, പൂനെ, അഹമ്മദാബാദ് തുടങ്ങി 22 നഗരങ്ങളിലെ പദ്ധതികളാണ് പൂർത്തീകരിക്കുക. പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിത നിലവാരവും വൃത്തിയുള്ളതും, സുസ്ഥിരവുമായ അന്തരീക്ഷവും നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് സ്‍മാർട്ട് സിറ്റി മിഷൻ പദ്ധതി.

ദൗത്യത്തിന് കീഴിൽ തിരഞ്ഞെടുത്ത ബാക്കിയുള്ള 78 നഗരങ്ങളിൽ, നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ 2015 ജൂൺ 25നാണ് അവരുടെ സ്‌മാർട്ട് സിറ്റി മിഷൻ ആരംഭിച്ചത്. 2016 ജനുവരി മുതൽ 2018 ജൂൺ വരെ നാല് ഘട്ടങ്ങളിലായി 100 നഗരങ്ങളെ പുനർവികസനത്തിനായി തിരഞ്ഞെടുത്തു.

മന്ത്രാലയം പറയുന്നതനുസരിച്ച്, വിവിധ പ്രശ്‌നങ്ങൾക്ക് സമർഥമായ പരിഹാരം സ്വീകരിക്കുന്നതിനൊപ്പം, പ്രധാന അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ നഗരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അവിടുത്തെ പൗരന്മാർക്ക് മാന്യമായ ജീവിത നിലവാരവും, ശുദ്ധവും സുസ്ഥിരവുമായ അന്തരീക്ഷവും നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഭോപ്പാൽ, ഇൻഡോർ, ആഗ്ര, വാരണാസി, ഭുവനേശ്വർ, ചെന്നൈ, കോയമ്പത്തൂർ, ഈറോഡ്, റാഞ്ചി, സേലം, സൂറത്ത്, ഉദയ്‌പൂർ, വിശാഖപട്ടണം, അഹമ്മദാബാദ്, കാക്കിനാഡ, പുണെ, വെല്ലൂർ, പിംപ്രി-ചിഞ്ച്‌വാഡ്, മധുരൈ, അമരാവതി, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ എന്നിവയാണ് മാർച്ചിൽ പണി പൂർത്തീകരിക്കുന്ന 22 സ്‌മാർട്ട് സിറ്റികൾ.

“പദ്ധതികൾ അന്തിമഘട്ടത്തിലായതിനാൽ മാർച്ചോടെ 22 സ്‌മാർട്ട് സിറ്റികൾ പൂർത്തിയാക്കും. അടുത്ത മൂന്ന്-നാല് മാസങ്ങൾക്കുള്ളിൽ, ശേഷിക്കുന്ന നഗരങ്ങളുടെ പദ്ധതി ജോലികളും പൂർത്തിയാക്കും.” മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

സ്‌മാർട്ട് സിറ്റി മിഷൻ നഗരതലത്തിൽ നടപ്പാക്കുന്നത് ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ വഴിയാണ്. ഈ SPV-കൾ അവരുടെ സ്‌മാർട്ട് സിറ്റി പദ്ധതികൾ ആസൂത്രണം ചെയ്യുകയും, നടപ്പിലാക്കുകയും, പ്രവർത്തിപ്പിക്കുകയും, നിരീക്ഷിക്കുകയും, വിലയിരുത്തുകയും ചെയ്യുന്നു.

ഈ വർഷം ജനുവരി 27 വരെ 1,81,322 കോടി രൂപയുടെ 7804 പദ്ധതികൾക്കായി 100 സ്‌മാർട്ട് സിറ്റികളിൽ ഉത്തരവ് നൽകിയിട്ടുണ്ട്. ഇതിൽ 98,796 കോടി രൂപയുടെ 5246 പദ്ധതികൾ പൂർത്തീകരിച്ചു. ദൗത്യത്തിന് കീഴിൽ കേന്ദ്ര സർക്കാർ 36,447 കോടി രൂപ ഇതുവരെ അനുവദിച്ചു. അതിൽ 32,095 കോടി രൂപ (88 ശതമാനം) വിനിയോഗിച്ചു.

പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, കേന്ദ്ര സർക്കാർ അഞ്ച് വർഷത്തിനുള്ളിൽ 48,000 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകും. ഒരു നഗരത്തിന് പ്രതിവർഷം ശരാശരി 100 കോടി രൂപ. ഇതിന് തുല്യമായ തുക സംസ്ഥാന സർക്കാരോ, തദ്ദേശ സ്ഥാപനമോ സംഭാവന ചെയ്യും. അതേസമയം, സ്‌മാർട്ട് സിറ്റി പദ്ധതിയ്ക്ക് കീഴിൽ കൂടുതൽ നഗരങ്ങൾ ചേർക്കുന്നതിനുള്ള ഒരു നിർദ്ദേശവും നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here