നടി അപര്‍ണ ബാലമുരളിയോട് ഒരു വിദ്യാർഥി മോശമായി പെരുമാറിയതിൽ ഖേദം പ്രകടിപ്പിച്ചും മാപ്പ് പറഞ്ഞും എറണാകുളം ഗവ. ലോ കോളജ് യൂണിയൻ. സംഭവ സമയത്തു തന്നെ വിദ്യാർഥിയുടെ മോശം പെരുമാറ്റം തടയാൻ ഒരു യൂണിയൻ ഭാരവാഹി ശ്രമിക്കുകയും യൂണിയന്റെ ഭാഗത്തുനിന്നു ഖേദം അറിയിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ ബുദ്ധിമുട്ടിൽ കോളജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും ഈ വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ യൂണിയൻ നേതൃത്വം വ്യക്തമാക്കി.
തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസൻ അടക്കമുള്ളവർ ലോ കോളജിലെത്തിയത്. നടിക്ക് പൂവു നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അസ്വസ്ഥയാകുകയും ‘എന്താടോ, ലോ കോളജ് അല്ലേ’ എന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തിൽ സ്തബ്ധയായിപ്പോയെന്ന് അപര്‍ണ പിന്നീട് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയ വിമർശനമാണ് കോളജ് യൂണിയനെതിരെ ഉയർന്നത്. ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് നടിയോട് മോശമായി പെരുമാറിയ വിദ്യാർഥിക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് യൂണിയന്റെ ഖേദ പ്രകടനം.