മുംബൈ: പുതുവർഷത്തില്‍ പുതിയ നായകന് കീഴില്‍ പുതിയ പ്രതീക്ഷകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിറങ്ങുന്നു. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാവും. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക.
ടി20 ക്രിക്കറ്റിൽ വലിയമാറ്റങ്ങൾ ലക്ഷ്യമിട്ട് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡജേ, ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖ താരങ്ങളെയെല്ലാം മാറ്റിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
ഹാർദിക് പണ്ഡ്യ നയിക്കുന്ന ടീമിൽ ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ്, മലയാളി താരം സഞ്ജു സാംസൺ, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ഹർഷൽ പട്ടേൽ, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക്, യുസ്‍വേന്ദ്ര ചഹൽ എന്നിവരാണുളളത്. കെട്ടിലും മട്ടിലും ടി20യുടെ ചേരുവകൾ നിറഞ്ഞ ഈ ടീം നാളെയിലേക്കുള്ള നിക്ഷേപം കൂടിയാണ്.
ദസുൻ ഷനക നയിക്കുന്ന ശ്രീലങ്ക ശക്തമായ വെല്ലുവിളി ഉയർത്താൻ ശേഷിയുള്ളവർ. കുശാൽ മെൻഡിസും ധനഞ്ജയ ഡിസിൽവയും ഭാനുക രജപക്സെയും വാനിന്ദു ഹസരംഗയുമെല്ലാം കളിമാറ്റിമറിച്ച ചരിത്രമുള്ളവരാണ്. റണ്ണൊഴുകുന്ന വിക്കറ്റാണ് വാങ്കഡേയിൽ തയാറാക്കിയിരിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കാണ് വാങ്കഡെയില്‍ മുൻതൂക്കം. 2021ന് ശേഷം ഇരുടീമും ഏഴ് ടി20യിൽ ഏറ്റുമുട്ടിയപ്പോള്‍ നാലെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ലങ്കയും ജയിച്ചു.
ശ്രീലങ്കക്കെതിരായ ടി20 പരമ്പക്കുള്ള ഇന്ത്യന്‍ ടീം
Hardik Pandya (C), Suryakumar Yadav (VC), Ishan Kishan, Ruturaj Gaikwad, Shubman Gill, Rahul Tripathi, Deepak Hooda, Sanju Samson, Washington Sundar, Yuzvendra Chahal, Axar Patel, Arshdeep Singh, Harshal Patel, Umran Malik, Shivam Mavi, Mukesh Kumar.