തിരുവനന്തപുരം: കെപിസിസി ട്രഷറർ അഡ്വ. വി പ്രതാപചന്ദ്രൻ അന്തരിച്ചു.73 വയസ്സായിരുന്നു.തിരുവനന്തപുരം വഞ്ചിയൂരിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റും മുൻ ധനകാര്യമന്ത്രിയുമായിരുന്ന എസ് വരദരാജൻ നായരുടെ മകനാണ്. കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ആയിട്ടാണ് തുടക്കം. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരിക്കെ കെ എസ് യുവിന്റെ മുൻനിര പോരാളിയായിരുന്ന പ്രതാപചന്ദ്രൻ ഡിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കെപിസിസി അംഗമായിരുന്ന അദ്ദേഹം കെ കരുണാകരനെതിരായി രൂപം കൊണ്ട മൂന്നാം ഗ്രൂപ്പിൽ ജി കാർത്തികയനും രമേശ് ചെന്നിത്തലയ്ക്കും ഒപ്പം തിരുത്തൽ വാദ സംഘത്തിൻറെ വക്താവായും പ്രവർത്തിച്ചു .
പത്രപ്രവർത്തനരംഗത്തും ട്രേഡ് യൂണിയൻ രംഗത്തും സജീവമുഖമായിരുന്ന പ്രതാപചന്ദ്രൻ ദീർഘകാലം വീക്ഷണം ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനായിരുന്നു. സീനിയർ ജേർണലിസ്റ്റ്സ് ഫോറം പ്രസിഡന്റും ഗവ. പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് ജനറൽസെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
പ്രതാപചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് കോൺഗ്രസിന്റെ എല്ലാ ഔദ്യോഗപരിപാടികളും മാറ്റിവെച്ച് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു.
ജയശ്രീ ആണ് ഭാര്യ. മക്കൾ പ്രിജിത്, പ്രീതി. സംസ്കാരം പിന്നീട്.