ദേശവിരുദ്ധ ഉള്ളടക്കം; പാകിസ്ഥാനി ഒടിടി പ്ലാറ്റ്‌ഫോം വിഡ്‍ലി ടിവി ഇന്ത്യ വിലക്കി

0
65

ന്യൂഡല്‍ഹി: ദേശവിരുദ്ധ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില വെബ്‌സൈറ്റുകളും ആപ്പുകളും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നിരോധിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായ ഒരു വെബ്‌സൈറ്റ് രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകൾ, നാല് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വിഡ്‌ലി ഒടിടി പ്ലാറ്റ്‌ഫോമിന്റെ സ്മാര്‍ട്ട് ടിവി ആപ്പ് എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കേർപ്പെടുത്തിയത്.

2021ലെ ഐ.ടി നിയമമനുസരിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശവിരുദ്ധമായ ഉള്ളടക്കം അടങ്ങിയ വെബ്‌ സീരിസുകള്‍ ഈ പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേക്ഷണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഇവ നിരോധിക്കുന്നതെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിശദീകരിച്ചു. അടുത്തിടെ വിഡ്‌ലി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയ സേവക്: ദി കണ്‍ഫെഷന്‍സ് എന്ന വെബ്‌സീരിസിലാണ് രാജ്യവിരുദ്ധമായ ഉള്ളടക്കം പ്രത്യക്ഷപ്പെട്ടത്.

ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍, അയോധ്യയിലെ ബാബറി മസ്ജിദ് വിഷയം, മാലേഗാവ് ബോംബ് സ്‌ഫോടനം, സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, അന്തര്‍-സംസ്ഥാനം നദീജലക്കരാര്‍ തുടങ്ങിയ പല സംഭവങ്ങളെയും തെറ്റായ രീതിയില്‍ വെബ്‌സീരിസില്‍ ചിത്രീകരിച്ചിരിക്കുന്നതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം കണ്ടെത്തിയിരുന്നു.

വെബ്‌സീരിസിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ പതാകയിലെ അശോക ചക്രത്തിന് തീപിടിക്കുന്ന രംഗമാണ് കാണിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെയും ചരിത്രത്തെയും അപമാനിക്കുന്ന വികലമായ സങ്കല്‍പ്പമാണ് ഇതിലൂടെ സൂചിപ്പിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികമായ നവംബര്‍ 26നാണ് ഈ വെബ്‌സീരിസിന്റെ ആദ്യ എപ്പിസോഡ് പുറത്തുവിട്ടത്. ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

മുസ്ലീം, ക്രിസ്ത്യന്‍, സിഖ് വിഭാഗത്തിലുള്ളവരെ കൊന്ന് ഈ ഭൂമി പരിശുദ്ധമാക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് ഹിന്ദു പുരോഹിതന്‍ നിര്‍ദ്ദേശം നല്‍കുന്ന ഒരു രംഗം വെബ്‌സീരിസില്‍ ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഇവ രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കുന്നതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കൂടാതെ 1984ലെ സിഖ് വിരുദ്ധ കലാപസമയത്ത് ഹിന്ദുക്കളാണ് സിഖ് വംശജരെ ആക്രമിക്കാന്‍ മുന്നില്‍ നിന്നതെന്നും ഈ സീരിസില്‍ പറയുന്നുണ്ട്. കൂടാതെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരെ നിര്‍ബന്ധിച്ചാണ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്നും സീരിസിന്റെ ഒരു സീനില്‍ പറയുന്നുണ്ട്. ഇതെല്ലാം ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തെ തന്നെ വികലമാക്കി കാണിക്കുന്നതിന് തുല്യമാണെന്ന് കാട്ടിയാണ് ഈ ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം തീരുമാനിച്ചത്.

അതേസമയം ഇക്കഴിഞ്ഞ വര്‍ഷം ജൂണിലാണ് ടിക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്.രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ചെറുപ്പക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ടിക് ടോക്കിന് ഇന്ത്യയിൽവളരെയധികം ഉപയോക്താക്കളുണ്ടായിരുന്നു. 2020 ജൂലൈ 29-നാണ്ടിക് ടോക് ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here