ഇടുക്കിയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക് ട്രെയിന്‍ എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തി. പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള തേനിയിലേക്ക് 120 കിലോമീറ്റര്‍ വേഗതയിൽ എൻജിൻ ഓടിച്ചാണ് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. നിർമ്മാണം പൂർത്തിയാക്കിയ തേനി മുതൽ ബോഡിനായ്ക്കന്നൂർ വരെയുള്ള ബ്രോഡ്ഗേജ് പാതയിൽ കഴിഞ്ഞ ഒക്ടോബര്‍ 14 ന് 30 കിലോമീറ്റര്‍ വേഗതയില്‍ ഒന്നാം ഘട്ട പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഈ പാതയിലെ സിഗ്നല്‍ പരിശോധനയും പൂര്‍ത്തിയാക്കി. തുടർന്ന് തേനിയിൽ നിന്ന് മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗതയിൽ എൻജിൻ ബോഡിയിലെത്തിച്ചു. തിരികെ തേനിയിലേക്ക് 120 കിലോമീറ്റർ വേഗത്തിലോടിച്ചാണ് പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ നിർമ്മാണം 80ശതമാനം കഴിഞ്ഞിട്ടുണ്ട്. സ്റ്റേഷനിലെത്തുന്ന ട്രെയിനുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതടക്കം 75 കോടി രൂപയുടെ പണികൾ ഡിസംബറിൽ പൂർത്തിയാകും. റെയിൽപാതയുടെ നിര്‍മാണത്തിന് കിലോമീറ്ററിന് 5 കോടി രൂപ വീതമാണ് വകയിരുത്തിയിട്ടുള്ളത്.