സണ്ണി വെയ്ൻ പ്രധാന കഥാപാത്രമായ ‘അപ്പൻ’ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഈ വര്‍ഷമിറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും മികച്ച ഒന്ന് എന്ന പ്രതികരണമാണ് ‘അപ്പൻ’ എന്നാണ് പ്രതികരണങ്ങള്‍. ചിത്രത്തിന്റെ തിരക്കഥയും അഭിനയവുമാണ് ‘അപ്പൻ’ മികവിലേക്കുയരാൻ കാരണം. സണ്ണി വെയ്ൻ, അനന്യ, അലൻസിയർ,പൗളി വത്സന്‍ ഇവരെ കൂടാതെ പേര് അറിയാത്ത ഒരുപാട് കലാകാരന്മാർ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്‍ചവെച്ചതിനാലാണ് ചിത്രം ഇത്രയേറെ ചർച്ച ചെയ്യപ്പെടുന്നത്.
സണ്ണി വെയ്ൻ അവതരിപ്പിച്ച ‘ഞ്ഞൂഞ്’ എന്ന കഥാപാത്രം ചിത്രം കണ്ടുകഴിഞ്ഞാലും മനസില്‍ മായാതെ നില്‍ക്കും. തന്റെ അപ്പൻ ചെയ്‍ത കൊള്ളരുതായ്‍മയ്ക്ക് എല്ലാം അനുഭവിക്കേണ്ടി വരുന്നത് ‘ഞ്ഞൂഞ്ഞിനാണ്. ‘ഞ്ഞൂഞ്’ തന്റെ കഷ്‍ടപ്പാടുകൾ, വിഷമതകൾ എല്ലാം പറയുമ്പോൾ പ്രേക്ഷകനിൽ ഉണ്ടാകുന്ന വിങ്ങൽ അത് സണ്ണി വെയ്ൻ എന്ന പ്രതിഭയുടെ അടയാളമാണ്, അടയാളപ്പെടുത്തലാണ്. ചിത്രത്തിൽ മിന്നിമറയുന്ന ഓരോ ഭാവങ്ങളും ഏറെ ശ്രദ്ധയോടെ തന്മയത്വത്തോടെ അവതരിപ്പിച്ചുകൊണ്ട് സണ്ണി വെയ്ൻ എന്ന നടൻ നടന്ന് അടുക്കുന്നത് മലയാള സിനിമയിലെ മികച്ച അഭിനേതാക്കളുടെ പട്ടികയിലേക്കാണ്. ഇനിയും മികച്ച കഥാപാത്രങ്ങൾ സണ്ണി വെയ്ൻ എന്ന നടനെ കൊണ്ട് പകർന്നാടാൻ കഴിയും എന്ന് ‘അപ്പൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ബോധ്യമായതാണ്. സണ്ണി വെയ്‍നെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ‘ഫ്രഞ്ച് വിപ്ലവം’ എന്ന ചിത്രത്തിന് ശേഷം മജു ആണ് ‘അപ്പൻ’ സംവിധാനം ചെയ്‍തിരിക്കുന്നത്.