ബ്രസീലില്‍ അധികാരം തിരിച്ചുപിടിച്ച് ഇടതുപക്ഷം;

0
52

റിയോ ഡി ജനീറോ: ബ്രസീലില്‍ വീണ്ടും ഇടത് മുന്നേറ്റം. മുതിര്‍ന്ന നേതാവും മുന്‍ പ്രസിഡന്റുമായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷക്കാരനായ ജെയര്‍ ബോള്‍സോനാരോയെ പരാജയപ്പെടുത്തിയാണ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തിയത്.ലൂയിസ് ഇനാസിയോ ലുല ഡ സില്‍വക്ക് 50.8% വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബോള്‍സോനാരോയ്ക്ക് 49.2% വോട്ടുകള്‍ ലഭിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 99.1% വോട്ടുകളും എണ്ണിക്കഴിഞ്ഞെന്നും ലുല ഡ സില്‍വയുടെ വിജയം ഉറപ്പായിട്ടുണ്ട് എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് മഹാമാരിക്കാലത്തെ ഇടപെടലുകളാണ് ബോള്‍സോനാരോയ്ക്ക് തിരിച്ചടിയാകുന്നത്. കൂടാതെ പാരിസ്ഥിതിക വിഷയങ്ങളിലെ നിലപാടും തിരിച്ചടിച്ചു. അതേസമയം രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ആമസോണ്‍ സംരക്ഷണവും പ്രചരാണയുധമാക്കിയിരുന്നു.

വിജയം ഉറപ്പാക്കിയ പ്രസംഗത്തിലും ഈ വാഗ്ദാനങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. സമാധാനം, ജനാധിപത്യം, എന്നിവക്കായി ബ്രസീല്‍ നിലകൊള്ളും. ലിംഗസമത്വവും വംശീയ സമത്വവും 33.1 ദശലക്ഷം ബ്രസീലുകാരെ ബാധിക്കുന്ന പട്ടിണി അടക്കമുള്ള പ്രതിസന്ധിയും ഫലപ്രദമായി നേരിടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്പദ്വ്യവസ്ഥയുടെ ചക്രം വീണ്ടും തിരിയും എന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍ ബ്രസീല്‍ അതിന്റെ പങ്ക് തിരിച്ചുപിടിക്കാന്‍ തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഫലം പുറത്ത് വന്നതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ സില്‍വയെ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here