Liquor | ബിവറേജസ് കോർപ്പറേഷൻ (Beverages Corporation (Bevco)) വഴിയുള്ള മദ്യ വിതരണം വെട്ടിക്കുറച്ചു;

0
50

ബിവറേജസ് കോർപ്പറേഷൻ (Beverages Corporation (Bevco)) വഴിയുള്ള മദ്യ വിതരണം വിതരണക്കാർ വെട്ടിക്കുറച്ചതിനാൽ വരുന്ന ആഴ്ചകളിൽ കേരളം മദ്യക്ഷാമം നേരിട്ടേക്കാമെന്ന് റിപ്പോർട്ടുകൾ. വിലകുറഞ്ഞ ബ്രാൻഡുകളുടെ വിതരണം ഇതിനകം തന്നെ കുറഞ്ഞെന്നും മറ്റുള്ളവയ്ക്കും ഉടൻ ക്ഷാമം നേരിടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിസന്ധി ഒഴിവാക്കാൻ വില കൂട്ടുകയോ നികുതി ഇളവുകൾ നൽകുകയോ പോലുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരാകുമെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. ലഹരിപാനീയങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (Extra Neutral Alcohol (ENA) വില കൂടിയിരുന്നു. അതിനാൽ മദ്യത്തിന്റെ വിലയും കൂട്ടണമെന്നാണ് വിതരണക്കാർ പറയുന്നത്.

കരിമ്പിൽ നിന്നോ ധാന്യങ്ങളിൽ നിന്നോ ആണ് എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉണ്ടാക്കുന്നത്. സമീപ മാസങ്ങളിൽ ഇതിന് നാൽപതു ശതമാനം വില വർധനയുണ്ടായതായി വ്യവസായ വൃത്തങ്ങൾ അറിയിച്ചു. വിതരണക്കാരുടെ പ്രതിനിധികൾ എക്സൈസ് മന്ത്രി എം ബി രാജേഷുമായി അടുത്തിടെ ചർച്ച നടത്തിയിരുന്നു. സംഭരണവില വർധിപ്പിക്കുകയോ നികുതിയിളവ് നൽകുകയോ പോലുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇഎൻഎ വിലക്കയറ്റം മൂലം മദ്യവ്യവസായം പ്രതിസന്ധി നേരിടുകയാണെന്നും ഭൂരിഭാഗം വിതരണക്കാരും ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം ആലോചിക്കുകയാണെന്നും ഇവർ പറഞ്ഞു.

”വിതരണക്കാർ നികുതിയിളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നുകിൽ വില വർദ്ധിപ്പിക്കുക അല്ലെങ്കിൽ നികുതിയളവ് നൽകുക എന്നതാണ് അവരുടെ ആവശ്യം. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ട്. എത്രയും വേഗം തീരുമാനം എടുക്കും”, മന്ത്രി എം ബി രാജേഷ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരുമായി ഇതു സംബന്ധിച്ച കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ നികുതിയിളവ് നൽകുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here