ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ കുറ്റക്കാരനെന്ന് ഉത്തര്‍ പ്രദേശ് കോടതി വിധി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ജില്ലാ കളക്ടറായിരുന്ന ആഞ്ജനേയ കുമാര്‍ സിങിനെയും വിമര്‍ശിച്ച് സംസാരിച്ച കേസിലാണ് കോടതി വിധി. 2019ല്‍ റാംപൂരില്‍ നടത്തിയ പ്രസംഗമാണ് കേസിന് ഇടയാക്കിയത്. ഉടന്‍ കോടതി ശിക്ഷ വിധിക്കും. ജനപ്രതിനിധി എന്ന നിലയിലുള്ള അധികാരം അസം ഖാന് ഇതോടെ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍ പ്രദേശിലെ റാംപൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് അസം ഖാന്‍. സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട അദ്ദേഹം ഏറെ കാലമായി ജയിലില്‍ കഴിയുകയാണ്. ജയിലില്‍ നിന്ന് പത്രിക സമര്‍പ്പിച്ച് ജനവിധി തേടിയ അസം ഖാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത് വലിയ വാര്‍ത്തയായിരുന്നു.