കോഴിക്കോട് അരീക്കാട് നിർത്തിയിട്ടിരുന്ന മിനിലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് ഒരാൾ മരിച്ചു

0
57

കോഴിക്കോട്: കോഴിക്കോട് അരീക്കാട് നിർത്തിയിട്ടിരുന്ന മിനിലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്.  സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ ബാബുവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഇറച്ചിക്കോഴികളുമായി വന്ന മിനിലോറിയിൽ, അരീക്കാട് ലോഡ് ഇറക്കുന്നതിനിടെ, ഇടതുവശം ചേ‍ർന്നു വന്ന കെഎസ്ആർടിസി ബസ്  ഇടിച്ചു കയറുകയായിരുന്നു. ലോഡ് ഇറക്കുകയായിരുന്ന ഷഫീക്കിന്റെ ദേഹത്തേക്ക് ഇടിയുടെ ആഘാതത്തിൽ ഇരുമ്പുകൂടുകൾ വീണു. ഷഫീഖ് തത്ക്ഷണം മരിച്ചു.  ലോറിയിലുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില അൽപം ഗുരുതരമാണ്.

കെഎസ്ആർടിസി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്ന് നല്ലളം പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. വാഹനങ്ങൾക്ക് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തുമെന്ന് നല്ലളം പൊലീസ് അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here