റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനമത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴുവിക്കറ്റിനാണ് ഇന്ത്യ പ്രോട്ടീസിനെ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ശ്രേയസ്സ് അയ്യരാണ് ഇന്ത്യയുടെ വിജയശിൽപ്പി. 93 റൺസെടുത്ത ഇഷാൻ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 279 റൺസ് വിജയലക്ഷ്യം ഇന്ത്യ 45.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കൊപ്പമെത്തി. ആദ്യ മത്സരത്തിൽ പ്രോട്ടീസ് ഒൻപത് റൺസിന് വിജയിച്ചിരുന്നു. ഇതോടെ മൂന്നാം ഏകദിനമത്സരം നിർണായകമായി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ, ഇമാദ് ഫോർട്യൂയിൻ, വെയ്ൻ പാർനൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തു. അർധസെഞ്ചുറി നേടിയ റീസ ഹെൻഡ്രിക്സും എയ്ഡൻ മാർക്രവുമാണ് ടീമിന് മാന്യമായ ടോട്ടൽ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. 40 റൺസെടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ടീം സ്കോർ ഏഴിൽ നിൽക്കെ ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റാണ് ആദ്യം വീണത്. വെറും അഞ്ചുറൺസെടുത്ത ഡി കോക്കിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കി. ഓഫ് സൈഡിൽ വന്ന പന്ത് നേരിടുന്നതിനിടെ ഡി കോക്കിന്റെ ബാറ്റിൽ തട്ടി പന്ത് വിക്കറ്റ് പിഴുതു. സ്കോർ 40-ൽ നിൽക്കേ മറ്റൊരു ഓപ്പണറായ ജാനേമാൻ മലാനും വീണു. അരങ്ങേറ്റം കുറിച്ച ഷഹബാസ് അഹമ്മദ് മലാനെ വിക്കറ്റിന് മുന്നിൽ കുടുക്കി. 31 പന്തുകളിൽ നിന്ന് 25 റൺസ് നേടിയശേഷമാണ് താരം ക്രീസുവിട്ടത്.
എന്നാൽ മൂന്നാം വിക്കറ്റിൽ ക്രീസിലൊന്നിച്ച റീസ ഹെൻഡ്രിക്സും എയ്ഡൻ മാർക്രവും ചേർന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും 129 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മികച്ച രീതിയിൽ ഇരുവരും ബാറ്റിങ് തുടർന്നതോടെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരന്നു. എന്നാൽ മുഹമ്മദ് സിറാജിലൂടെ ഇന്ത്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 76 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 74 റൺസെടുത്ത ഹെൻഡ്രിക്സിനെ സിറാജ് ഷഹബാസ് അഹമ്മദിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ഹെയ്ന്റിച്ച് ക്ലാസൻ മികച്ച പ്രകടനം പുറത്തെടുത്തതോടെ പ്രോട്ടീസ് 200 കടന്നു. 26 പന്തുകളിൽ നിന്ന് 30 റൺസാണ് താരം നേടിയത്.
എന്നാൽ ക്ലാസന്റെ ഇന്നിങ്സ് പൂർണതയിലെത്തിയില്ല. ക്ലാസനെ മുഹമ്മദ് സിറാജിന്റെ കൈയ്യിലെത്തിച്ച് കുൽദീപ് യാദവ് ഇന്ത്യയ്ക്ക് ആശ്വാസം പകർന്നു. തൊട്ടുപിന്നാലെ ക്രീസിൽ നിലയുറച്ചുനിന്ന എയ്ഡൻ മാർക്രവും പുറത്തായി. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ഫോറടിക്കാൻ ശ്രമിച്ച മാർക്രത്തിന്റെ ശ്രമം ശിഖർ ധവാൻ കൈയ്യിലൊതുക്കി. 89 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 79 റൺസാണ് താരം നേടിയത്.
പിന്നീട് ക്രീസിൽ നിലയുറപ്പിക്കാൻ ബാറ്റർമാർക്ക് സാധിച്ചില്ല. മധ്യഓവറുകളിൽ നന്നായി കളിച്ചെങ്കിലും അവസാന ഓവറുകളിൽ വേണ്ടപോലെ സ്കോർ ഉയർത്താൻ ബാറ്റർമാർ പരാജയപ്പെട്ടു. അവസരത്തിനൊത്തുയർന്ന ഇന്ത്യൻ ബൗളർമാർ അവസാന ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡേവിഡ് മില്ലർ ക്രീസിലെത്തിയെങ്കിലും വെടിക്കെട്ട് ബാറ്റിങ് നടത്താനായില്ല. 16 റൺസെടുത്ത വെയ്ൻ പാർനൽ 47-ാം ഓവറിൽ പുറത്തായി. മില്ലറും പാർനലും ചേർന്നാണ് ടീം സ്കോർ 250 കടത്തിയത്. പാർനൽ മടങ്ങിയപ്പോൾ നായകൻ കേശവ് മഹാരാജ് ക്രീസിലെത്തി. എന്നാൽ അവസാന ഓവറിൽ താരത്തെ സിറാജ് ക്ലീൻ ബൗൾഡാക്കി. വെറും അഞ്ച് റൺസ് മാത്രമാണ് നായകന് നേടാനായത്. പിന്നാലെ വന്ന ഇമാദ് ഫോർട്യൂയിൻ റൺസെടുക്കാതെയും മില്ലർ 34 പന്തുകളിൽ നിന്ന് 35 റൺസുമായും പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 10 ഓവറിൽ ഒരു മെയ്ഡനടക്കം 38 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തു. വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, കുൽദീപ് യാദവ്, ശാർദൂൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.