കോടിക്കണക്കിന് ആളുകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതെ രക്ഷിച്ചതിന് ജയ്പൂര്‍ സ്വദേശി നീരജ് ശര്‍മ്മ എന്ന വിദ്യാര്‍ത്ഥിക്കാണ് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് 38 ലക്ഷം രൂപ പാരിതോഷികം ലഭിച്ചത്. എക്കണോമിക് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരിക്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ നീരജ് ശര്‍മ്മ ഒരു ബഗ് കണ്ടെത്തി. ലോഗിന്‍, പാസ്വേഡ് ഇല്ലാതെ ഏതൊരു ഉപയോക്താവിന്റെയും അക്കൗണ്ടില്‍ വീഡിയോയുടേയും റീല്‍സിന്റേയും തമ്പ് നൈല്‍ മാറ്റാന്‍ കഴിയും എന്നതായിരുന്നു ഇത്. ഈ പിഴവിനെ കുറിച്ച് നീരജ്ശര്‍മ്മ ഇന്‍സ്റ്റാഗ്രാമിനെയും ഫേസ്ബുക്കിനെയും ബോധിപ്പിച്ചു.
ഇത് ആധികാരികമാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് നീരജ് ശര്‍മ്മയ്ക്ക് 38 ലക്ഷം രൂപ പ്രതിഫലം ലഭിച്ചത്. സംഭവത്തെ കുറിച്ച് നീരജ് ശര്‍മ്മ പറയുന്നത് ഇങ്ങനെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ബഗ് ഉണ്ടായിരുന്നു, അതിലൂടെ ഏത് അക്കൗണ്ടില്‍ നിന്നും റീലിന്റെ തമ്പ് നൈല്‍ മാറ്റാമായിരുന്നു. അക്കൗണ്ട് ഉടമയുടെ പാസ്വേഡ് എത്ര ശക്തമാണെങ്കിലും അക്കൗണ്ട് മാറ്റാന്‍ മീഡിയ ഐഡി മാത്രം മതി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ഞാന്‍ എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഈ പിഴവ് ശ്രദ്ധിച്ച് തുടങ്ങി. ജനുവരി 31 ന് രാവിലെ, ഇന്‍സ്റ്റാഗ്രാമിന്റെ (ബഗ്) പിഴവിനെ കുറിച്ച് ഞാന്‍ കൂടുതല്‍ മനസ്സിലാക്കി. ഇതിന് ശേഷം, ഞാന്‍ രാത്രി ഇതിനെ കുറിച്ച് ഫേസ്ബുക്കിലേക്ക് ഒരു റിപ്പോര്‍ട്ട് അയച്ചു. മൂന്ന് ദിവസത്തിന് ശേഷം അവരില്‍ നിന്ന് ഒരു മറുപടി ലഭിച്ചു.
ഒരു ഡെമോ പങ്കിടാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. തമ്പ് നൈല്‍ മാറ്റി 5 മിനിറ്റിനുള്ളില്‍ നീരജ് ശര്‍മ്മ അവരെ കാണിച്ചു. ഇതോടെ അവര്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചു, മെയ് 11-ന് രാത്രി ഫേസ്ബുക്കില്‍ നിന്ന് അദ്ദേഹത്തിന് ഒരു മെയില്‍ ലഭിച്ചു. അതില്‍ അദ്ദേഹത്തിന് 45,000 ഡോളര്‍ (ഏകദേശം 35 ലക്ഷം രൂപ) പ്രതിഫലം നല്‍കിയതായി അറിയിച്ചു. അതേസമയം, പ്രതിഫലം നല്‍കാന്‍ നാല് മാസത്തെ കാലതാമസത്തിന് പകരമായി ഫേസ്ബുക്ക് ബോണസായി 4500 ഡോളറും (ഏകദേശം 3 ലക്ഷം രൂപ) നല്‍കി.